പനിച്ചൂട് വിടാതെ; കൊല്ലം ജില്ലയിൽ കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തത് 8 മരണങ്ങൾ
Mail This Article
കൊല്ലം ∙ കഴിഞ്ഞ മാസം ശക്തമായി മഴ ഏറെക്കുറെ മാറി നിന്നെങ്കിലും പനിച്ചൂടിൽ നിന്ന് രക്ഷയില്ലാതെ ജില്ല. ആയിരക്കണക്കിന് രോഗികൾ കഴിഞ്ഞ മാസം മാത്രം ഡെങ്കിപ്പനിക്ക് ചികിത്സ തേടിയപ്പോൾ തന്നെ മറ്റു രോഗങ്ങളും ജില്ലയിൽ ഒട്ടേറെ റിപ്പോർട്ട് ചെയ്തു. 8 മരണങ്ങളും കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിമൂവായിരത്തോളം രോഗികളാണ് പനി ബാധിതരായി ആശുപത്രികളിൽ കഴിഞ്ഞ ഓഗസ്റ്റിൽ ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ചയോടെ മഴ ശക്തമായതിനാൽ വരും ദിവസങ്ങളിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിച്ചേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ജൂൺ, ജൂലൈ മാസങ്ങളിൽ റെക്കോർഡിലെത്തുന്ന പകർച്ചപ്പനി ബാധിതരുടെ എണ്ണം ഓഗസ്റ്റോടെ കുറയുകയാണ് പതിവ്. സെപ്റ്റംബർ മാസമെത്തുമ്പോഴേക്കും പനി ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകാറുണ്ട്. ഈ മാസം അതുണ്ടായില്ലെങ്കിൽ പനിക്കിടക്കയിൽ കാര്യമായ പ്രതിരോധം ജില്ലയ്ക്ക് ആവശ്യമുണ്ടാവും.
മരണം 8
കഴിഞ്ഞ മാസം മാത്രം 8 മരണം പകർച്ചപ്പനി കാരണം ജില്ലയിലുണ്ടായി. അതിന്റെ എത്രയോ ഇരട്ടിയായിരിക്കും ശരിക്കുമുള്ള പനി ബാധിത മരണങ്ങളുടെ എണ്ണമെന്നാണ് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി 2 പേവിഷബാധ കേസ് കാരണമായുള്ള മരണം ഈ കാലയളവിലുണ്ടായി. ശാസ്താംകോട്ടയിലും വിളക്കുടിയിലുമുള്ള 2 പേരാണ് പേവിഷബാധയെത്തുടർന്ന് മരിച്ചത്. ജില്ലയെ ഏറ്റവും ഗുരുതരമായി ബാധിക്കാറുള്ള ഡെങ്കിപ്പനി ബാധിച്ചു 3 പേർ കഴിഞ്ഞ മാസം മരിച്ചു. തൊടിയൂർ, നിലമേൽ, പെരിനാട് എന്നീ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തത്. എലിപ്പനി ബാധിച്ചു 2 പേരും ഇൻഫ്ലുവൻസ പനി ബാധിച്ചു ഒരാളും മരിച്ചു.
1500ൽ അധികം ഡെങ്കിപ്പനി ബാധിതർ
കഴിഞ്ഞ മാസം ജില്ലയിലെ ആശുപത്രികളിൽ ആകെ ചികിത്സ തേടിയ ഡെങ്കിപ്പനി ബാധിതരുടെ കഴിഞ്ഞ ദിവസത്തെ കണക്ക് കൂടാതെയുള്ള എണ്ണം 1,541 ആണ്. പല ദിവസങ്ങളിലും സംസ്ഥാനത്ത് തന്നെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ രണ്ടാമതോ മൂന്നാമതോ ജില്ലയുണ്ട്. പാലത്തറ, കിളികൊല്ലൂർ, അരിയനല്ലൂർ, തെന്മല, പുനലൂർ, മൈനാഗപ്പള്ളി, വാടി, ശക്തികുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സജീവമായിട്ടുള്ളത്.
എലിപ്പനി: അതീവ ഗുരുതരം
കഴിഞ്ഞ മാസം എലിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉണർത്തുന്നതാണ്. 13 എലിപ്പനി കേസുകൾ മാത്രം സ്ഥിരീകരിച്ച മാസമാണ് ജില്ലയിൽ 2 മരണമുണ്ടായിരിക്കുന്നത്. കുന്നത്തൂർ, അഞ്ചൽ, ഏരൂർ, ഇരവിപുരം, തൊടിയൂർ, ശക്തികുളങ്ങര, പിറവന്തൂർ, അലയമൺ, കുമ്മിൾ, അദിച്ചനല്ലൂർ, ഇടമുളയ്ക്കൽ എന്നീ ഇടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്.
പിടിവിടാതെ മലേറിയ
5 മലേറിയ കേസുകളാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. ജൂലൈ മാസത്തെ അപേക്ഷിച്ചു നോക്കുമ്പോൾ കേസുകൾ കുറവാണെങ്കിലും ഇനിയും മലേറിയ പൂർണമായി തുടച്ചു നീക്കാൻ കഴിയാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മെഡിക്കൽ കോളജ്, ചവറ, പെരിനാട്, ഇട്ടിവ തുടങ്ങിയ ഇടങ്ങളിലാണ് മലേറിയ കണ്ടെത്തിയത്. ജില്ലയിൽ അപൂർവമായിരുന്ന ചെള്ളുപനി ഈ മാസവും പത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ചെള്ളുപനിയെയും കാര്യമായി പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് ആരോഗ്യ വകുപ്പ്. 25 എച്ച്‌വൺ എൻവൺ കേസുകളും കഴിഞ്ഞ മാസം സ്ഥിരീകരിച്ചു. കാര്യമായ നടപടികൾ സ്വീകരിച്ചു, കൃത്യമായ സംവിധാനങ്ങളിലൂടെ പനിയെ പ്രതിരോധിച്ചില്ലെങ്കിൽ പനിബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടായേക്കാം.