കുഞ്ഞുമോളുടെ കുടുംബത്തിന് സഹായം ഉറപ്പാക്കണം: കൊടിക്കുന്നിൽ
Mail This Article
ശാസ്താംകോട്ട ∙ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കുഞ്ഞുമോളുടെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തര സഹായം ഉറപ്പാക്കണമെന്നും കുടുംബത്തിനു അർഹമായ പിന്തുണ ഉറപ്പാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിയ യുവാവിനും യുവ ഡോക്ടർക്കും യാതൊരു തരത്തിലുമുള്ള സഹായവും നൽകാതെ പൊലീസ് കുറ്റമറ്റ അന്വേഷണം നടത്തണം.
സാക്ഷികളും തെളിവുകളും വ്യക്തമായ സാഹചര്യത്തിൽ പ്രതികൾക്കെതിരെ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് പരമാവധി ശിക്ഷ നൽകണം. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകനൊപ്പം ആനൂർക്കാവ് ജംക്‌ഷനിലെ അപകട സ്ഥലത്തെത്തി നാട്ടുകാരോട് അപകട വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുഞ്ഞുമോളുടെ വീട്ടിലെത്തിയ എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
‘പ്രതികളുടെ ക്രിമിനൽപശ്ചാത്തലം അന്വേഷിക്കണം ’
ശാസ്താംകോട്ട ∙ മൈനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താതെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. യുവ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കവർന്നതായുള്ള മൊഴി ഗൗരവകരമാണെന്നും ബാഹ്യ ഇടപെടലുകൾ സംബന്ധിച്ച് അന്വേഷണം ഉറപ്പാക്കണമെന്നും ജില്ലാ പ്രസിഡന്റ് ഷിബു മുതുപിലാക്കാട് പറഞ്ഞു.
ഡോക്ടറുടെ അംഗീകാരം റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ്
കരുനാഗപ്പള്ളി ∙ മൈനാഗപ്പള്ളി ആനൂർകാവിൽ വാഹനാപകടത്തിൽ വനിത ഡോക്ടറുടെ പങ്ക് വ്യക്തമായ സ്ഥിതിക്ക് അവരുടെ ഡോക്ടർ എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കണമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ഷഹനാസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രിക്കു പരാതി നൽകും.
അപകടത്തിൽപെട്ട വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിക്കാതെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർ അജ്മലിനും വനിത ഡോക്ടർക്കും പരമാവധി ശിക്ഷ ലഭിക്കുവാൻ ആവശ്യമായ നിയമ പോരാട്ടത്തിന് യൂത്ത്കോൺഗ്രസ് തയാറാകും. മദ്യ ലഹരി മാഫിയയ്ക്കെതിരെ പൊലീസ് എക്സൈസ് വകുപ്പുകൾ ഉണർന്നു പ്രവർത്തിക്കണം. കുറ്റക്കാർക്കെതിരെ പരമാവധി ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും ഷഹനാസ് ആവശ്യപ്പെട്ടു.