ADVERTISEMENT

കടയ്ക്കൽ∙ ഡോക്ടർമാരുടെ കുറവും ലബോറട്ടറി പരിശോധന ഉൾപ്പെടെ നടത്തുന്നതിനുള്ള താമസവും കാരണം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ വലയുന്നു. മണിക്കൂറുകൾ ക്യൂ നിന്നാലും പരിശോധന പൂർത്തിയാക്കി മടങ്ങാനാകുന്നില്ല. താമസം നേരിടുമ്പോൾ ക്യൂവിൽ പലരും കുഴഞ്ഞു വീഴുന്നത് പതിവാണ്. രാവിലെ 8ന് ആശുപത്രിയിൽ എത്തി ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് ക്യൂവിൽ നിന്നാൽ ഒരു മണിക്ക് പോലും ചികിത്സ ലഭിക്കില്ല. വൻ തിരക്കുണ്ടായിട്ടും ഒപിയിൽ പരിശോധനയ്ക്ക് എത്തുന്നത് രണ്ടോ മൂന്നോ ഡോക്ടർമാർ മാത്രം. സ്പെഷലിസ്റ്റ് ഡോക്ടർമാർ ഒപിയിൽ പലപ്പോഴും എത്താറില്ല.

ഇന്നലെ രാവിലെ ഒപിയിൽ 886 പേരാണ് എത്തിയത്. ഉച്ചയ്ക്ക് ശേഷം അത്യാഹിത വിഭാഗം ഒപിയിലും വൻ തിരക്കായിരുന്നു. ഡോക്ടറുടെ പരിശോധന കഴിഞ്ഞ് ലബോറട്ടറി പരിശോധനയ്ക്കും ക്യൂ നിൽക്കണം. ഏറെ സമയം കാത്ത് നിന്നു ലബോറട്ടറി ടെക്നിഷ്യൻ കുറിപ്പിൽ തുക എഴുതും. തുക അടയ്ക്കാൻ ആശുപത്രിക്ക് അകത്തുള്ള കൗണ്ടറിലും  ക്യൂവാണ്. അവിടെ പണം അടച്ചു തിരിച്ചെത്തുമ്പോൾ വീണ്ടും രക്ത സാംപിൾ എടുക്കാൻ ക്യൂ.പരിശോധന  റിപ്പോർട്ട് കിട്ടാൻ ഒരു മണിക്കൂറിലധികം കഴിയും. പരിശോധന റിപ്പോർട്ട് വാങ്ങി എത്തുമ്പോൾ ഒപിയിൽ പരിശോധന സമയം കഴിയും.

വീണ്ടും അടുത്ത ദിവസം റിപ്പോർട്ട് ഡോക്ടറെ കാണിക്കാൻ എത്തണം. ഇത്രയും ആകുമ്പോൾ രോഗി തളരും. ഡോക്ടർ കുറിക്കുന്ന മരുന്ന് വാങ്ങാനും എക്സ്റേ എടുക്കുന്നതിനും വേറെയും ക്യൂ.  ടോക്കൺ എടുത്ത് ക്യൂവിൽ നിന്നു തളരുമ്പോൾ മറ്റ് ആശുപത്രികളിൽ പോകുകയാണ് പലരും.  ആശുപത്രിയിൽ ദിവസവും ഉണ്ടാകുന്ന തിരക്ക് അനുസരിച്ചു കൂടുതൽ ഡോക്ടർമാരെ നിയമിച്ചും മറ്റ് പരിശോധനകൾക്ക് താമസം വരാതെ പരിഹരിക്കുന്നതിനും സംവിധാനം ഉണ്ടാകുന്നില്ലെന്നതാണ് അവസ്ഥ. ദിവസവും ആശുപത്രിയുടെ പ്രവർത്തനത്തെ കുറിച്ച് പരാതിയാണ്.ആശുപത്രി സൂപ്രണ്ട്, ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പ‍ഞ്ചായത്തിന്റെ പ്രസിഡന്റ്, ജനപ്രതിനിധികൾ എന്നിവരോട് താലൂക്ക് ആശുപത്രിയുടെ അവസ്ഥ ചൂണ്ടിക്കാട്ടാറുണ്ട്. എല്ലാം കേൾക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. 

കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആയിരുന്ന ആരോഗ്യ കേന്ദ്രം 2008ൽ ആണ് താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയത്. താലൂക്ക് ആശുപത്രിയാക്കി ഉയർത്തി ബോർഡ് സ്ഥാപിച്ചതല്ലാതെ കൂടുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ചില്ല. കൂടുതലും താൽക്കാലിക ജീവനക്കാരാണ്. 80ലധികം പേരാണ് താൽക്കാലികമായി ജോലി ചെയ്യുന്നത്. മന്ത്രി വീണ ജോർജിന്റെ ശ്രദ്ധയിൽ പലപ്പോഴും ആശുപത്രിയുടെ അവസ്ഥ എത്തിയിട്ടുണ്ട്. എന്നിട്ടും പരിഹാരം ഇല്ല.

English Summary:

Kadakkal Taluk Hospital is grappling with a severe shortage of doctors and crippling delays in conducting vital medical tests. Patients are enduring long wait times, hindering their access to essential healthcare services and causing significant inconvenience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com