ADVERTISEMENT

കൊട്ടാരക്കര∙ ഗാന്ധി ജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാംപെയ്നിന്റെ ഉദ്ഘാടനം കെങ്കേമമായി. മുഖ്യമന്ത്രിയും മന്ത്രിമാരും വേദി വിട്ടതിന് പിന്നാലെ ശുചീകരണം ഉപേക്ഷിച്ച് സന്നദ്ധ പ്രവർത്തകരും സ്ഥലം വിട്ടു. ഇന്നലെ രണ്ടായിരത്തോളം പേർ ചേർന്ന് പുലമൺ തോട് ശുചീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നാല് മേഖലകളായി തിരിച്ച് ശുചീകരണം നടത്തുമെന്നും അറിയിപ്പും ഉണ്ടായിരുന്നു. ശുചീകരണത്തിനായി 4 മേഖലകളിലും സന്നദ്ധ പ്രവർത്തകർ എത്തണമെന്ന് പല തവണ മൈക്കിൽ അനൗൺസ്മെന്റും നടത്തി.

പക്ഷേ നഗരമേഖലകളിൽ ചില ഇടങ്ങളിൽ ശുചീകരണം നടന്നതല്ലാതെ പുലമൺ തോട്ടിലേക്ക് ആരും തിരിഞ്ഞു നോക്കിയില്ല. ശുചീകരണ പ്രഖ്യാപനം വെറും തള്ള് മാത്രമായി. ഉദ്ഘാടന സമയത്ത് നല്ല മഴ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നിലച്ചു. തോട് പരിസരങ്ങൾ വൃത്തിയാക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതായാണ് സംഘാടക സമിതി വ്യക്തമാക്കിയത്. എന്നാൽ ഉദ്ഘാടന വേദിയിൽ തിരക്കുണ്ടാക്കാൻ മാത്രമേ സംഘാടകസമിതിക്ക് കഴിഞ്ഞുള്ളു. 

കൃത്യമായ ഏകോപനം ഇല്ലാത്തതാണ് വിനയായതെന്നാണ് വിലയിരുത്തൽ. യന്ത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തോട്ടിന്റെ ഒരു ഭാഗത്ത് ശുചീകരണം നടത്തിയിരുന്നു. കൊട്ടാരക്കര നഗരസഭയ്ക്ക് പുറമേ മൈലം, കുളക്കട പഞ്ചായത്തുകളിലും ഇന്നലെ വ്യാപകമായ ശുചീകരണം നടത്തുമെന്നായിരുന്നു അറിയിപ്പ്. പുലമൺ ടൗണിൽ പോലും ശുചീകരണം നടന്നില്ല. തോട്ടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ശുചീകരിച്ച് തോട് പുനർജീവിപ്പിക്കുമെന്നാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രഖ്യാപനം. കയ്യേറ്റം ഒഴിപ്പിക്കാൻ ചെന്നാൽ മന്ത്രി ബാലഗോപാൽ ഒറ്റപ്പെടുമെന്നും മന്ത്രിക്ക് എതിരെ കയ്യേറ്റക്കാരും ഉദ്യോഗസ്ഥരും ഒന്നിക്കുമെന്നും ഇന്നലെ ഉദ്ഘാടന വേദിയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കാനുള്ള തന്റേടം ബാലഗോപാൽ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 32 കയ്യേറ്റങ്ങൾ കണ്ടെത്തി പത്ത് വർഷത്തിലേറെയായിട്ടും ഒഴിപ്പിക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ തോട് നവീകരണം പ്രഹസനമാകുമെന്നാണ് ആശങ്ക. പുലമൺപാലത്തിന്റെ അടി ഭാഗം ഉൾപ്പെടെ ടൺ കണക്കിന് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. പുലമൺ തോടിനോട് ചേർന്ന് സ്വകാര്യ വ്യക്തികൾ നിർമാണവും നടത്തുന്നു. സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യങ്ങൾ അടക്കം പൈപ്പ് സ്ഥാപിച്ച് തോട്ടിലേക്ക് ഒഴുക്കി വിടുന്നു. അൻപതോളം സ്ഥലങ്ങളിൽ ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നതായി കണ്ടെത്തി. എന്നാൽ ഇത് അടയ്ക്കാൻ നടപടിയായിട്ടില്ല.

English Summary:

Despite a grand launch on Gandhi Jayanti, the "Waste-Free Nava Kerala" campaign in Kottarakkara failed to deliver on its promise to clean the Pulamon river. Lack of coordination, unfulfilled commitments, and political wrangling over encroachments contributed to the campaign's demise, raising concerns about the future of such initiatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com