സിപിഎം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ സമ്മേളനം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം
Mail This Article
ഓച്ചിറ∙സിപിഎം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിനെ നിയന്ത്രിക്കുന്നതിൽ സിപിഎം സംസ്ഥാന നേതൃത്വം പൂർണമായി പരാജയപ്പെട്ടതായും മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നതായും മുഖ്യമന്ത്രിയും കുടുംബവും പാർട്ടിക്ക് ബാധ്യതയാകുന്നത് പിബി നേതൃത്വം കാണുന്നില്ലെന്നും ചില പ്രതിനിധികൾ വിമർശിച്ചു.
എൽഡിഎഫ് സർക്കാരിൽ ഏറ്റവും മോശമായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് പിണറായി വിജയൻ സർക്കാരാണെന്നും പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകർക്കു പോലും നീതി ലഭിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഒന്നാം എൽഡിഎഫ് സർക്കാരിൽ ശോഭിച്ച മുൻ മന്ത്രിമാരായ തോമസ് ഐസക്ക്, ജി.സുധാകരൻ, കെ.കെ.ശൈലജ എന്നിവരെ ഒഴിവാക്കിയപ്പോൾ പകരം എത്തിയ മന്ത്രിമാർക്ക് ശോഭിക്കാൻ കഴിയാതിരുന്നത് മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചതായും വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും നിയന്ത്രിക്കുന്നതിന് പിബി, സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ട് നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാൻ കർമ പദ്ധതി രൂപീകരിക്കണമെന്നും സാമൂഹിക ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ളവയുടെ വിതരണത്തിന് കാലതാമസം ഉണ്ടാകാതിരിക്കുന്നതിന് നിർദേശം നൽകണമെന്നും എന്നും വിഎസ് വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ ഓച്ചിറയിലെ ലോക്കൽ സമ്മേളനത്തിൽ വിമർശനം ഉയർന്നു. കരുനാഗപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായ ഓച്ചിറ, തഴവ പഞ്ചായത്തുകളിലെ ലോക്കൽ കമ്മിറ്റികളെ കുന്നത്തൂർ മണ്ഡലത്തിന്റെ ഭാഗമായ ശൂരനാട് ഏരിയ കമ്മിറ്റിയിൽ നിന്നു മാറ്റി പുതിയ ഓച്ചിറ ഏരിയ കമ്മിറ്റി രൂപീകരിക്കുകയോ പഴയ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഭാഗമാക്കി മാറ്റുകയോ ചെയ്യണമെന്നും ആവശ്യം ഉയർന്നു.
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.സോമ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.ബി.സത്യദേവൻ പങ്കെടുത്തു. പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ നിലവിലെ സെക്രട്ടറി സുരേഷ് നാറാണത്തിനെ വീണ്ടും തിരഞ്ഞെടുത്തു. 15 അംഗം ലോക്കൽ കമ്മിറ്റിയിൽ നിന്നു മുതിർന്ന അംഗവും ഓച്ചിറ ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡന്റുമായ പ്രഫ.എ.ശ്രീധരൻ പിള്ള, അനിൽ പുന്തല, യശോധരൻ എന്നിവരെ ഒഴിവാക്കി എൽ.സുകുമാരി, ഇന്ദുലാൽ, ഉണ്ണി കൃഷ്ണൻ എന്നിവരെ ഉൾപ്പെടുത്തി. പ്രവർത്തന മികവ് കാഴ്ചവച്ച വിശ്വകർമ പ്രതിനിധിയായ ജയകുമാർ പുണർതത്തെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്ന നേതൃത്വത്തിന്റെ നടപടിയിൽ പ്രതിനിധികളിൽ വിമർശനം ഉയർന്നിരുന്നു.