ഗുണ്ടാസംഘത്തെ വഴിതടഞ്ഞ് പിടികൂടി പൊലീസ്
Mail This Article
ശാസ്താംകോട്ട ∙ നാടിനെ വിറപ്പിച്ച ഗുണ്ടാസംഘത്തെ പൊലീസ് വഴിതടഞ്ഞ ശേഷം വളഞ്ഞിട്ട് പിടികൂടി. നേരത്തേ യുവാവിനെ ആക്രമിച്ച ശേഷം ഇയാളെ ആശുപത്രിയിൽ എത്തിച്ച സുഹൃത്തിന്റെ വീടും അടിച്ചുതകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവിനെ പിന്തുടരുന്നതിനിടെയാണു പിടിയിലായത്. പടിഞ്ഞാറേകല്ലട വിളന്തറ വലിയപാടം സ്വദേശികളായ ഷേർലി ഭവനം ഷാജി ജോസഫ് (38), മഠത്തിവിളയിൽ രതീഷ് രവീന്ദ്രൻ (27), വിപിൻ മന്ദിരം വിപിൻ വിൻസന്റ് (27), കണത്താർകുന്നം പട്ടം വയലിൽ നീലകണ്ഠൻ ബാലകൃഷ്ണൻ (26), തേവലക്കര അരിനല്ലൂർ സ്വദേശികളായ തട്ടാരയ്യത്ത് വീട്ടിൽ ജോസ് (27), പാറയിൽ വീട്ടിൽ പ്രവീൺ (അയ്യപ്പൻ– 24), ചരുവിൽ പുത്തൻവീട്ടിൽ അശ്വിൻ പ്രകാശ് (23), എഴുത്തിൽ പടീറ്റതിൽ അനന്തു വിനീഷ് (23), പടപ്പനാൽ നിഷാദ് മൻസിൽ നിഷാദ് നിസാം (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 30നു രാത്രിയാണു കാരാളിമുക്കിൽ അഖിൽ എന്ന യുവാവ് സംഘത്തിന്റെ ആക്രമണത്തിനിരയായത്. അഖിലിനെ ആശുപത്രിയിൽ എത്തിച്ച കോവൂർ സ്വദേശിയായ സുഹൃത്ത് പ്രണവിന്റെ വീടാണു സംഘം അടിച്ചു തകർത്തത്. ഗുണ്ടാസംഘത്തെ ഭയന്നു പരാതി നൽകാതിരുന്ന പ്രണവ് കഴിഞ്ഞ ദിവസം സന്ധ്യയ്ക്കു ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ സംഘം പിന്തുടർന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കോളജ് റോഡ് അടച്ചാണു ചെയ്താണ് മാരകായുധങ്ങളുമായി വാഹനങ്ങളിൽ എത്തിയ ഒൻപതംഗ സംഘത്തെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയെന്നും ലഹരി, ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാൻ നടപടികൾ തുടരുമെന്നും റൂറൽ എസ്പി സാബു മാത്യു, ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവർ പറഞ്ഞു. എസ്എച്ച്ഒ രാജേഷ്, എസ്ഐമാരായ കെ.എച്ച്.ഷാനവാസ്, ഹരി, സിവിൽ പൊലീസ് ഓഫിസർമാരായ ജെറാൾഡ്, അബ്ദുൽ സത്താർ, പത്മകുമാർ, അഖിൽ, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.