ADVERTISEMENT

കൊല്ലം ∙ മാലിന്യ സംസ്കരണ സംവിധാനം ഇല്ലെന്ന പേരിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കി നൽകാത്തതിനാൽ ഹോട്ടൽ– റസ്റ്ററന്റ് എന്നിവയുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടിയെങ്കിലും മതിയായ സ്ഥലം ലഭിക്കാത്തത് ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് ചെറുകിട– ഇടത്തരം ഹോട്ടലുകൾ നേരിടുന്നത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് ലൈസൻസ് ലഭിക്കേണ്ടത്. ഇതിനുള്ള അപേക്ഷ കെ–സ്മാർട്ട് മുഖേനയാണ് സമർപ്പിക്കേണ്ടത്. ഓരോ സ്ഥാപനത്തിനും ഖര–ദ്രവ മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേകം പ്ലാന്റ് നിർമിക്കണമെന്നാണ് വ്യവസ്ഥ. ഇതു പാലിച്ചെങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ. പല സ്ഥാപനങ്ങൾക്കും പ്ലാന്റ് ഇല്ലാത്തതിന്റെ പേരിൽ പിഴ ചുമത്തിയിരിക്കുകയാണ്. 

നിലവിലുള്ള ഭൂരിഭാഗം ഭക്ഷണശാലകളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യവിഷബാധയോ മറ്റോ ഉണ്ടായാൽ ഇതു നിയമപ്രശ്നത്തിനു വഴി തെളിക്കും. മാലിന്യത്തിന്റെ തോത് അനുസരിച്ചാണ് പ്ലാന്റ് നിർമിക്കേണ്ടത്. ഇതിന്  ഭാരിച്ച തുക ചെലവാകും. മാത്രമല്ല, നഗരത്തിൽ മിക്ക ഭക്ഷണ ശാലകൾക്കും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭ്യമല്ല.  പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിന് ആവർത്തന ചെലവും വഹിക്കേണ്ടി വരും. 

തട്ടുകടയ്ക്ക് ബാധകമല്ല
തെരുവോരത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് ഇത്തരം നിയമങ്ങൾ ബാധകമല്ല. മലിനജലവും മറ്റും ഓടയിലേക്കാണ് ഒഴുക്കുന്നത്. പലയിടത്തും പരിസരം വൃത്തിഹീനമാണെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പു പോലും പരിശോധന നടത്താറില്ല. ഇടത്തരം ഭക്ഷണശാലകളിൽ ജിഎസ്ടി ഉൾപ്പെടെ ഈടാക്കുന്നുണ്ട്.   ഭക്ഷണശാലകളിലെ മാലിന്യം സ്വകാര്യ ഏജൻസികളാണ് ഇപ്പോൾ സംഭരിക്കുന്നത്. ഇവർക്ക് പണം നൽകിയാണ് മാലിന്യം കൈമാറുന്നത്. 

തദ്ദേശ സ്ഥാപനങ്ങൾ സംഭരിക്കണം
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഹരിതകർമ സേന പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് സംഭരിക്കുന്നത്. ഇതിന് 200 രൂപ ക്രമത്തിൽ പ്രതിവർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് 2400 രൂപ ഫീസ് നൽകണം. ഹോട്ടലുകളിൽ നിന്നുള്ള ജൈവമാലിന്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഭരിക്കണം എന്നാണ് ഹോട്ടൽ ഉടമകളുടെ ആവശ്യം.

കുരീപ്പുഴയിൽ നിർമാണം പൂർത്തിയായ സുവിജ് ‌ട്രീറ്റ്മെന്റ് പ്ലാന്റിൽ ഇവ സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ചാൽ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാനാകും. ഇല്ലാത്ത പക്ഷം മാലിന്യ പ്രശ്നം വൻ ആരോഗ്യ ഭീഷണിക്കും കാരണമാകും. പ്രതിസന്ധികളും ഇതു സംബന്ധിച്ച നി‍ർദേശങ്ങളും ഹോട്ടൽ ഉടമകളുടെ അസോസിയേഷൻ മന്ത്രി എം.ബി.രാജേഷിന്റെ ശ്രദ്ധയിൽപ്പെടുത്തി.

English Summary:

Facing imminent closure, Kollam's hospitality industry grapples with stringent waste management regulations. While required to install costly treatment plants, many struggle with space constraints and operational costs. The situation highlights the urgent need for local bodies to provide viable waste management solutions and prevent potential health risks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com