പുനലൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ഇല്ലെന്ന് ആക്ഷേപം
Mail This Article
പുനലൂർ ∙ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ഇല്ലാത്തതു മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും പുനലൂർ താലൂക്ക് വികസന സമിതിയിൽ ആവശ്യം ഉയർന്നു. പുനലൂർ ടിബി ജംക്‌ഷനിൽ സ്ഥിരം പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും അച്ചൻകോവിൽ ഭാഗത്തു വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു സാഹചര്യം ഒരുക്കണം എന്നും ആവശ്യം ഉയർന്നു.
കഴിഞ്ഞ വികസന സമിതിയിൽ ഉന്നയിക്കപ്പെട്ട പരാതികളിൽ കൈക്കൊണ്ട നടപടി വിവരം വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ വിവരിച്ചു. കച്ചേരി റോഡിലെ വഴിയോര കച്ചവടം പൂർണമായും ഒഴിപ്പിച്ചതായി അറിയിച്ചു. തെരുവു നായ ശല്യം ഒഴിവാക്കുന്നതിന് എബിസി പ്രോഗ്രാമിന് 5 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായും ഇതിന്മേലുള്ള തുടർനടപടികൾ സ്വീകരിച്ചു വരുന്നതായും അറിയിച്ചു. അടഞ്ഞുകിടന്നിരുന്ന തെന്മല ടേക്ക് എ ബ്രേക്ക് പദ്ധതി നിലവിൽ തുറന്നു കൊടുത്തു. ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളാണു സമിതിയിൽ ഉയർന്നത്.
പ്രധാന ആവശ്യങ്ങൾ
ഇടമൺ - കോട്ടവാസൽ പ്രദേശത്തെ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്നവർക്കു പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് കൈവശ സ്ഥലം റെയിൽവേ, ഫോറസ്റ്റ്, റവന്യു വകുപ്പുകളിൽ ഏതിൽ ഉൾപ്പെട്ട സ്ഥലമാണെന്നു കണ്ടെത്തിയതിനു ശേഷം സർവേ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നു. വാളക്കോട് വില്ലേജ് ഓഫിസിനു മുകളിലായി ചാഞ്ഞ് അപകടകരമായി നിൽക്കുന്ന വൃക്ഷം അടിയന്തരമായി മുറിച്ചു മാറ്റണം.
താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ നിർമിച്ചിട്ടുള്ള കാത്തിരിപ്പു കേന്ദ്രങ്ങൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയുടെ തകരാറുകൾ പരിഹരിച്ച് ഉപയോഗപ്രദം ആക്കണം. താലൂക്ക് ആശുപത്രി റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത വാഹന പാർക്കിങ് ഒഴിവാക്കണം. പുനലൂർ സർക്കിൾ ഓഫിസിനു പുതിയ കെട്ടിടം നിർമിക്കണം. ദേശീയപാതയുടെ റോഡ് വശത്തെ മണ്ണ് ഒലിച്ചുപോയതു മൂലം കുഴി രൂപപ്പെട്ടിട്ടുള്ളത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നതിനാൽ ഈ വിഷയത്തിൽ നടപടി സ്വീകരിക്കണം.
എവിടി കമ്പനിയുടെ കൈവശത്തിലിരിക്കുന്ന കനാൽ പുറമ്പോക്ക് സ്ഥലം തിരിച്ചെടുത്തു സീറോ ലാൻഡ് ലെസ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം. പുനലൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കന്റീൻ എത്രയും പെട്ടെന്ന് തുറക്കാനുള്ള നടപടി സ്വീകരിക്കണം. തകർന്നു കിടക്കുന്നതു മൂലം സ്ഥിരം അപകടം ഉണ്ടാക്കുന്ന ചെമ്മന്തൂർ – നരിക്കൽ റോഡിന്റെ പുനരുദ്ധാരണം ഉടൻ ആരംഭിക്കണം.
താലൂക്ക് വികസന സമിതിയിൽ മുതിർന്ന അംഗം കുതിരച്ചിറ രാജശേഖരൻ അധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ പ്രതിനിധി എം.നാസർ ഖാൻ, പി.എസ്.സുപാൽ എംഎൽഎയുടെ പ്രതിനിധി ബി.അജയൻ, കെ.കെ.രാജേന്ദ്രൻ, ആർഡിഒ സുരേഷ് ബാബു, ജി.തഹസിൽദാർ അജിത് ജോയ്, രാഷ്ട്രീയകാര്യ സ്ഥിരം സമിതി അംഗങ്ങൾ താലൂക്ക്തല വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.