മോൻ ഹാപ്പിയല്ലേ...; കൊല്ലം ജില്ലയിൽ 11 ഹാപ്പിനെസ് കേന്ദ്രങ്ങൾ വരുന്നു
Mail This Article
കൊല്ലം ∙ ചിരിക്കാൻ മറന്നോ.... സന്തോഷിക്കാൻ കാരണമില്ലേ... അതോ സമയമില്ലേ.... എല്ലാ ചിരി പ്രശ്നത്തിനും പരിഹാരവുമായി കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞു. കുടുംബങ്ങൾക്കും സമൂഹത്തിനും സന്തോഷം പകരാൻ ജില്ലയിൽ ‘ഹാപ്പി കേരള’ പദ്ധതിയുടെ ഭാഗമായി 11 ഹാപ്പിനെസ് കേന്ദ്രങ്ങൾ ഒരുങ്ങുന്നുവെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ വിമൽ ചന്ദ്രൻ പറഞ്ഞു. ജില്ലയിലെ 11 മാതൃകാ സിഡിഎസുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. കടയ്ക്കൽ, അഞ്ചൽ, പൂയപ്പള്ളി, ചവറ, പോരുവഴി, ഓച്ചിറ, തൃക്കരുവ, മയ്യനാട്, കുളക്കട, ചാത്തന്നൂർ, പിറവന്തൂർ എന്നിവയാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ.
പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനതല പരിശീലനം പൂർത്തിയായി. ജില്ലയിൽ നിന്ന് 10 പേരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ അടുത്ത മാസം ആദ്യവാരം ജില്ലാതല പരിശീലനം നൽകും. ജില്ലാ പരിശീലനത്തിനുശേഷം വാർഡുകളിലായി ‘ഇടങ്ങൾ’ രൂപീകരിച്ചു പരിശീലനം നടക്കും. ഓരോ വാർഡിലെയും 20 മുതൽ 40 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ‘ഇടങ്ങൾ’ രൂപീകരിച്ച് സർവേയും മറ്റു പരിപാടികളും സംഘടിപ്പിക്കും.
ഇടങ്ങളിലെ ഓരോ കുടുംബത്തിലും സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വ്യക്തിയോ കുടുംബമോ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തിലേക്ക് നയിക്കുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികൾ, മുതിർന്നവർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും നൽകുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
പദ്ധതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സാമൂഹിക സാഹചര്യമനുസരിച്ച് സന്തോഷ സൂചിക തയാറാക്കി വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തും. കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി എഫ്എൻഎച്ച്ഡബ്ല്യുമായി (ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് വാഷ്) ചേർന്നാണ് ‘ഹാപ്പി കേരളം’ പദ്ധതി നടപ്പിലാക്കുന്നത്.