ADVERTISEMENT

കൊല്ലം ∙ കുളിക്കാനും നനയ്ക്കാനും കുടിക്കാനും പൈപ്പിൽ ഒരുതുള്ളി വെള്ളമില്ല... 12 ദിവസമായി നഗരത്തിലെ മുന്നൂറോളം കുടുംബങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു. മരിയാലയം ജംക്‌ഷൻ മുതൽ കല്ലുംപുറം വരെയുള്ള ഭാഗത്തും കപ്പിത്താൻ തീയറ്ററിന്റെ പരിസരത്തും ഫാത്തിമ ദ്വീപിലെയും കുടുംബങ്ങളാണു ദിവസങ്ങളായി ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അധികൃതർ പരസ്പരം പറഞ്ഞ് ഒഴിയുമ്പോഴും ജലവിതരണം മുടങ്ങിയതു മാറ്റമില്ലാതെ തുടരുകയാണ്. പ്രദേശവാസികൾ ശുദ്ധജലത്തിനായി സമരത്തിനിറങ്ങാൻ ഒരുമ്പെട്ടും നിൽക്കുന്നു.

"ദേശീയപാതയുടെ പണി നടക്കുന്നതാണു ശുദ്ധജലവിതരണം തടസ്സപ്പെടാൻ കാരണം. കൃത്യമായി കണക്‌ഷൻ മാറ്റാതെയാണ് അവർ നിർമാണം തുടങ്ങിയത്. ശാസ്താംകോട്ടയിൽ എയർ ബ്ലോക്ക് പ്രശ്നമുണ്ടായാൽ തന്നെ അതു പരിഹരിച്ച് വെള്ളമെത്താൻ 3 മണിക്കൂറെങ്കിലും വേണം. ഉടൻ പ്രശ്നം പരിഹരിച്ചാലും പ്രദേശത്തു വെള്ളമെത്തില്ല. "

ശാസ്താംകോട്ട പമ്പ് ഹൗസിലെ തകരാറാണു ജല വിതരണം തടസ്സപ്പെടാൻ കാരണമെന്നാണു പ്രദേശവാസികൾ ആരോപിക്കുന്നത്. ദ്വീപിൽ മാത്രം നൂറോളം കുടുംബങ്ങളുണ്ട്. കോർപറേഷന്റെ ലോറി വെള്ളവും ഇവിടെയെത്തിക്കാനാകില്ല. വള്ളത്തിൽ കയറി അക്കരെയെത്തി പെട്രോൾ പമ്പുകളിൽ നിന്ന് 600 രൂപ വില വരുന്ന വെള്ളത്തിന്റെ ക്യാനുകൾ ദിവസവും വാങ്ങിയാണു പ്രദേശവാസികൾ ഉപയോഗിക്കുന്നത്. ദ്വീപിലെ 40 വീടുകളിലെ ജലവിതരണം പൂർണമായും തടസ്സപ്പെട്ടു.

"ജനങ്ങളുടെ ദുരിതം ദിവസങ്ങളായി കേൾക്കുകയാണ്. പല അധികൃതരോടും സംസാരിച്ചു. ആർക്കും കൃത്യമായ മറുപടിയില്ല. വെള്ളം വരുമെന്നു പറഞ്ഞ് ഇത്രയും ദിവസം സമാധാനിപ്പിച്ചു. ഇതുവരെ നടുടിയുണ്ടായില്ല. വഴിക്കെതിർവശത്തെ മൂത്തേഴം ഭാഗത്തു കൃത്യമായി വെള്ളമെത്തുന്നുണ്ട്. ജനങ്ങൾക്കൊപ്പം നിന്ന് ഈ ദുരവസ്ഥയ്ക്കെതിരെ ഇന്നു പ്രതിഷേധം നടത്തും.‌"

മറ്റു വീടുകളിൽ വളരെ കുറച്ചു വെള്ളം ലഭിച്ചിരുന്നതും കഴിഞ്ഞ ദിവസങ്ങളിൽ നിലച്ചു. വെള്ളമില്ലാത്തതിനാൽ ദിവസങ്ങളായി വിദ്യാർഥികളിൽ ഭൂരിഭാഗം പേരും സ്കൂളിൽ പോയിട്ടില്ല. ഹോട്ടൽ ഭക്ഷണമാണു പല വീടുകളിലും. കിലോമീറ്ററുകൾ സ‍ഞ്ചരിച്ചു ബന്ധുവീടുകളിൽ പോയി പ്രാഥമിക കൃത്യം പോലും നിർവഹിക്കേണ്ട ദയനീയാവസ്ഥയാണു പലർക്കും. ദിവസവും പണം കൊടുത്തു വെള്ളം വാങ്ങാനാകാത്തതിനാൽ ദാഹം കടിച്ചുപിടിച്ചു ജീവിക്കുന്നവരുമുണ്ട്.

വയോധികരും രോഗികളും ചെറിയ കുട്ടികളുമുൾപ്പെടെ ശുദ്ധജലം ഇല്ലാതെ വീർപ്പുമുട്ടുകയാണ്. താഴ്ന്ന പ്രദേശമായതിനാൽ കിണറോ കുഴൽ കിണറോ ഇവിടെ നിർമിക്കാനാകില്ല. പൈപ്പുവെള്ളം മാത്രമാണ് ആശ്രയം. കോർപറേഷന്റെ സഹായത്തോടെ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഡ്രൈവറില്ലെങ്കിൽ അതും നിലയ്ക്കുമെന്നതാണു സ്ഥിതി. 

English Summary:

For almost two weeks, parts of Kollam city, including Fatima Island, are reeling under severe water shortage. Residents are grappling with the lack of clean water for daily needs, with authorities blaming a pump house malfunction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com