ADVERTISEMENT

കൊല്ലം ∙ കരുനാഗപ്പള്ളിയിൽ ദേശീയപാതയിൽ നിർമിക്കുന്ന പില്ലർ എലിവേറ്റഡ് ഹൈവേയുടെ നീളം വടക്ക് ഭാഗത്തു ഹൈസ്‌കൂൾ ജംക്‌ഷൻ വരെ നീട്ടാനും പുത്തൻതെരുവിൽ ഒരു അടിപ്പാത കൂടി അനുവദിക്കാനും കെ.സി.വേണുഗോപാൽ എംപിയുടെ നിർദേശപ്രകാരം ചേർന്ന യോഗത്തിൽ തീരുമാനമായി. കേന്ദ്ര ഉപരിതല ഗാതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരം ദേശീയപാത അതോറിറ്റി അംഗം വെങ്കിട്ട രമണയും കേരളത്തിന്റെ ചുമതലുള്ള റീജനൽ ഓഫിസർ മീണയും ഡൽഹിയിൽ എംപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആലപ്പുഴ കലക്ടറേറ്റിൽ യോഗം ചേർന്നത്.

കായംകുളത്ത് പാരിസ്ഥിതിക - ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചു പില്ലർ എലിവേറ്റഡ് ഹൈവേ വേണമെന്ന ജനങ്ങളുടെ ആവശ്യം തള്ളിക്കളയാൻ കഴിയില്ലെന്നും അത് അനിവാര്യമാണെന്നും എംപി അഭിപ്രായപ്പെട്ടു. കായംകുളം നഗരത്തെ രണ്ടായി വിഭജിക്കുന്ന എലിവേറ്റഡ് ഹൈവേ നിർമാണം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. അതിനാൽ പില്ലർ എലിവേറ്റഡ് ഹൈവേ എന്ന ആശയം ഒഴിവാക്കാനാവില്ലെന്ന് എംപി നിലപാടെടുത്തു. കായംകുളത്ത് ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഹായകരമായ രീതിയിൽ ദേശീയപാതയ്ക്കു സമാന്തരമായി ഹൈവേയ്ക്കു പടിഞ്ഞാറ് ഭാഗത്തു സർവീസ് റോഡിൽ തോടിനു കുറുകെ പാലം കൂടി നിർമിച്ചു ഗതാഗതം സുഗമമാക്കാനും ഒഎൻകെ ജംക്‌ഷനിൽ 15 മീറ്റർ വീതിയിലും 4.5 മീറ്റർ ഉയരവുമുള്ള അടിപ്പാത നിർമിക്കാമെന്ന നിർദേശം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ മുന്നോട്ടു വച്ചു. ഹൈവേക്കു കിഴക്കു ഭാഗത്തു സർവീസ് റോഡിൽ പാലം നിർമിക്കുന്നതു നേരത്തെ തന്നെ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഎൻകെ ജംക്‌ഷനിലെ അടിപ്പാതയുടെ ഉയരം 4.5 മീറ്ററിൽ നിന്നു വീണ്ടും ഉയർത്തുന്ന കാര്യവും പരിശോധിക്കും.

ഹരിപ്പാട്, അമ്പലപ്പുഴ നഗരങ്ങളിൽ എലിവേറ്റഡ് ഹൈവേ നഗരമധ്യേ അവസാനിക്കുന്ന വിധമുള്ള നിർമാണം അപ്രായോഗികമാണ്. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും സുഗമമായ സഞ്ചാരപാത ഇല്ലാതെയാണ് ഇപ്പോഴത്തെ പ്ലാൻ. ഇതിനു പരിഹാരമായി ഉയരപാതയുടെ സ്പാൻ നീട്ടണമെന്ന് എംപി ആവശ്യപ്പെട്ടു. അമ്പലപ്പുഴയിലും സമാന സാഹചര്യമാണ്. ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപാലം കയറിയിറങ്ങുന്ന വാഹനം വീണ്ടും എലിവേറ്റഡ് ഹൈവേയിൽ പ്രവേശിക്കുന്ന രീതിയിലാണു നിലവിലെ പ്ലാൻ. 

ഇത് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും തൊട്ടടുത്ത ആരാധനാലയങ്ങളിലേക്കും തകഴി റൂട്ടിലേക്കുമുള്ള പ്രവേശനം തടസ്സപ്പെടും. ഇതിനു പരിഹാരമായി റെയിൽവെ മേൽപാലത്തിനും കച്ചേരി മുക്കിനും സമീപം അമ്പലപ്പുഴ ടൗണിൽ വാഹനങ്ങൾക്കു പ്രവേശിച്ചു പുറത്തു പോകുന്ന വിധം സൗകര്യം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാൻ എംപി നിർദേശം നൽകി. കഞ്ഞിക്കുഴിയിൽ ദേശീയപാതയ്ക്ക് ഇരുവശവുമായി എത്തിനിൽക്കുന്ന എഎസ് കനാൽ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണം. മാരാരിക്കുളത്തു കളിത്തട്ട് ജംക്‌ഷൻ, വളഞ്ഞവഴി എസ്എൻ കവല, പൊന്നാവെളി എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കണം.

ചേർത്തല റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു സർവീസ് റോഡ് നിർമിക്കുന്നതിനു സ്ഥലം ലഭ്യമാക്കാൻ റെയിൽവേയുടെ സഹായം തേടും. സർവീസ് റോഡുകൾ നിർമിക്കുന്നതിനു മുൻപായി ദേശീയപാത നിർമാണം നടത്തിയതാണു ഗുരുതര ഗതാഗത പ്രശ്‌നങ്ങൾക്കു കാരണമെന്ന് എംപി അഭിപ്രായപ്പെട്ടു. കളർകോട് അടിയന്തരമായി സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

English Summary:

The Karunagappally community welcomes the decision to extend the ongoing elevated highway project, with the new plan including an extended reach to High School Junction and a convenient underpass at Puthantheruvu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com