ADVERTISEMENT

കുണ്ടറ∙ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചു ഉപയോഗശൂന്യമായ മാവിൽ കുളിച്ച് മിൽ ഉടമയുടെ പ്രതിഷേധം. ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മിൽ നടത്തുന്ന കുളങ്ങരക്കൽ രാജേഷാണ് കുണ്ടറ കെഎസ്ഇബി ഓഫിസിനു മുന്നിൽ ആട്ടിയ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്. ദോശ മാവ് ആട്ടി പാക്കറ്റുകളിലാക്കി കടകളിൽ നൽകുന്ന സംരംഭം നടത്തുകയാണ് രാജേഷ്. ഇന്നലെ ഉച്ചയ്ക്ക് 1 മുതൽ 3 വരെ വേലുത്തമ്പി നഗർ‍ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി മുടക്കത്തിന് മുൻപ് അരിയും ഉഴുന്നും ആട്ടിയെടുക്കാമെന്ന് കരുതിയെങ്കിലും 9.30 മുതൽ 10. 30 വരെ തുടരെ വൈദ്യുതി തടസ്സപ്പെട്ടു. തുടർന്ന് 11 മണിയോടെ വൈദ്യുതി പൂർണമായും നിലച്ചു.

12 വരെ കാത്തിരുന്നിട്ടും വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് കുണ്ടറ കെഎസ്ഇബി ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ വൈകിട്ട് മാത്രമേ വൈദ്യുതി ലഭിക്കുകയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്. പകുതി മാത്രം ആട്ടിയ മാവ് പുളിച്ചു ഉപയോഗശൂന്യമായി. ആട്ടിയ മാവ് പാക്ക് ചെയ്യാനും‍ കഴിഞ്ഞില്ല. തുടർന്നാണ് രാജേഷ് 2മണിയോടെ കെഎസ്ഇബി ഓഫിസിൽ വന്ന് പ്രതിഷേധിച്ചത്. 1ന് മുൻപ് മാവ് കടകളിൽ കൊടുക്കുന്നതിനായി രാവിലെ 6 മുതൽ ആരംഭിച്ച ജോലിയും 10000 രൂപയുടെ സാമ്പത്തികവും നഷ്ടമായതായി രാജേഷ് പറഞ്ഞു. പ്രതിഷേധവുമായി കെഎസ്ഇബിയിൽ എത്തിയപ്പോഴാണ് തനിക്ക് 11 മണി മുതൽ വൈദ്യുതി മുടങ്ങുമെന്ന മെസേജ് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്കും പൊലീസിലും പരാതി നൽകുമെന്ന് രാജേഷ് അറിയിച്ചു.

ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയതായും ഫോണിൽ അയച്ച മെസേജ് ലഭിക്കാൻ വൈകിയതാകാമെന്നു സബ് എൻജിനീയർ പറഞ്ഞു. മുക്കടയിലെ ട്രാൻസ്ഫോമർ അടിയന്തരമായി മാറ്റേണ്ടി വന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നു കുണ്ടറ സെക്‌ഷൻ സബ് എൻജിനീയർ പറഞ്ഞു. ട്രാൻസ്ഫോമർ മാറ്റുമ്പോൾ സമീപത്തെ ഫീഡറുകൾ കൂടി ഓഫ് ചെയ്യേണ്ടി വരും. ആയതിനാലാണ് വേലുത്തമ്പി നഗർ ഭാഗത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

English Summary:

In a desperate act of protest, a flour mill owner in Kerala, Rajesh from Kulangarakkal, bathed in spoiled mango pulp outside the Kundara KSEB office. The protest aimed to highlight the devastating effects of unannounced power cuts on small businesses, particularly after a recent outage led to the spoilage of his mango pulp stock.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com