ADVERTISEMENT

ചാത്തന്നൂർ ∙ ഇതരസംസ്ഥാന കോളജുകളിൽ പ്രവേശനം വാഗ്ദാനം ചെയ്തശേഷം വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പേരിൽ വ്യക്തിഗത വായ്പ എടുത്ത് വൻതുക തട്ടിയെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് മേലില ശ്യാം നിവാസിൽ ശ്യാം കുമാറാണ് (34) പിടിയിലായത്. ബിബിഎ ഏവിയേഷൻ, ബിഎസ്‌സി നഴ്സിങ് തുടങ്ങിയ കോഴ്സുകളിൽ സ്കോളർഷിപ്പോടെ പ്രവേശനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇയാൾക്കെതിരെ ചാത്തന്നൂർ സ്റ്റേഷനിൽ 7 പരാതികളുണ്ട്. ഓരോരുത്തരുടെ പേരിലും 5 ലക്ഷത്തോളം രൂപ വായ്പ എടുത്തിട്ടുണ്ട്.കർണാടക തിരുമനാഹള്ളിയിലെ സ്ഥാപനത്തിൽ ബിബിഎ ഏവിയേഷൻ കോഴ്സിൽ പ്രവേശന നൽകാമെന്നു പറഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വാങ്ങിയശേഷം ചാരിറ്റബിൾ ട്രസ്റ്റ് മുഖേന സ്കോളർഷിപ് ലഭിക്കുമെന്നും ഫീസ് അടയ്ക്കേണ്ടന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. രക്ഷിതാവിന്റെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കി ഡൽഹിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നാണു വായ്പ എടുത്തു തുക കൈക്കലാക്കിയത്. ഫീസ് അടയ്ക്കാത്തതിനാൽ വിദ്യാർഥികളുടെ പഠനം മുടങ്ങി. പലർക്കും എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും മടക്കിക്കിട്ടിയിട്ടുമില്ല. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ‌ കമ്പനിയിൽ നിന്നു നോട്ടിസ് ലഭിച്ചപ്പോഴാണു രക്ഷിതാക്കൾ തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്.

 കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിലുള്ളവരെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ചാത്തന്നൂർ എസിപി ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുനിൽ കുമാർ, എഎസ്ഐ ബിന്ദു കുമാരി, സിപിഒമാരായ രാജീവ്, നവാസ്, സുധി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ തിരുവനന്തപുരം മാറനല്ലൂരിൽ നിന്നു പിടികൂടിയത്. അന്വേഷണം നേരത്തേ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനു കൈമാറിയിരുന്നു.കർണാടക കോതന്നൂർ പൊലീസ് സ്റ്റേഷനിലും ശ്യാം കുമാറിന്റെ ട്രസ്റ്റിനെതിരെ കേസുകൾ ഉണ്ട്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾക്കായി തിരച്ചിലും നടത്തിയിരുന്നു.

ശ്യാം കുമാർ അറസ്റ്റിലായതോടെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ രക്ഷിതാക്കളും വിദ്യാർഥികളും.
ശ്യാം കുമാർ അറസ്റ്റിലായതോടെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ രക്ഷിതാക്കളും വിദ്യാർഥികളും.

മിക്ക സ്റ്റേഷനുകളിലും ശ്യാമിനെതിരെ കേസ്
ചാത്തന്നൂർ ∙ ശ്യാം കുമാർ അറസ്റ്റിലായ വിവരം അറിഞ്ഞു ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തി. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ എത്തുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ചാത്തന്നൂർ, പരവൂർ, കൊട്ടിയം, കണ്ണനല്ലൂർ, പൂയപ്പള്ളി, കടയ്ക്കൽ, കൊട്ടാരക്കര, തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട റാന്നി, കോട്ടയം പാമ്പാടി, ഇടുക്കി വണ്ടൻമേട്, തങ്കമണി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ശ്യാം കുമാറിനെതിരെ കേസുകൾ ഉണ്ട്.

English Summary:

Syam Kumar, the main accused in a college admission scam targeting students in Kerala, has been arrested. He promised admission to courses like BBA Aviation and BSc Nursing, using fake scholarships as bait, and then took loans in the victims' names using their documents. The scam has impacted students across multiple districts, with many losing their savings and having their education disrupted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com