സുരക്ഷാ ബാരിയറുകൾ സ്ഥാപിച്ചില്ല; സ്കൂൾ വിദ്യാർഥിനി മുപ്പതടി താഴ്ചയിലേക്ക് വീണു
Mail This Article
ശൂരനാട് ∙ ആഴമേറിയ കനാലിന്റെ ഭാഗങ്ങളിലെ റോഡിന്റെ വശങ്ങളിൽ സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. സൈക്കിളിൽ പോകുന്നതിനിടെ കനാലിൽ വീണ പെൺകുട്ടിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. പോരുവഴി മയ്യത്തുംകര കിഴക്കേ പള്ളിക്ക് സമീപത്തെ കനാൽ റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഇടുങ്ങിയ കനാൽ റോഡിന്റെ വശങ്ങളിൽ കാടുനിറഞ്ഞ നിലയിലാണ്.റോഡിന്റെ വശം ചേർന്നു പോകുന്നതിനിടെ സൈക്കിളുമായി കുട്ടി മുപ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാടും മാലിന്യങ്ങളും നിറഞ്ഞ കനാലിലെ വള്ളിപ്പടർപ്പിൽ കുടുങ്ങി എഴുന്നേൽക്കാൻ പോലും കഴിയാതെ കിടന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടിക്ക് മുള്ളു കൊണ്ട് മുറിവേറ്റു. കാട് മൂടി കാണാൻ പറ്റാത്ത തരത്തിലുള്ള ആഴത്തിൽ നിന്നുമാണ് കുട്ടിയുടെ നിലവിളി കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. അടുത്തിടെ ഇതുവഴി എത്തിയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിനു വശം കൊടുക്കുന്നതിനിടെ കനാലിലേക്ക് ചാഞ്ഞു.
തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഭരണിക്കാവ് മണക്കാട്ട് മുക്ക് മുതൽ ചക്കുവള്ളി വരെയുള്ള കെഐപി കനാൽ റോഡിന്റെ ഭൂരിഭാഗം സ്ഥലങ്ങളും പൊട്ടിപ്പൊളിഞ്ഞ് തകരാറിലായ നിലയിലാണ്. ആഴമേറിയ ഭാഗങ്ങളിൽ കനാലിന്റെ വശങ്ങൾ ഇടിയുന്നതും ഭീഷണിയാണ്. ഓരോ വേനലിലും കനാൽ വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയിരുന്ന ശുചീകരണം അട്ടിമറിച്ചതും കാട് കയറാൻ കാരണമായി. ഇരുപതോളം സ്കൂൾ ബസുകളും ഇരുനൂറോളം വിദ്യാർഥികളും പതിവായി കടന്നുപോകുന്ന പാതയിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎക്കും മറ്റ് ജനപ്രതിനിധികൾക്കും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തി പരാതി നൽകിയിരുന്നു. ഫണ്ട് അനുവദിക്കുന്ന സമയത്ത് പരിഹരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്.