പശുക്കുട്ടികൾക്കുള്ള കാലിത്തീറ്റ പകുതി നിരക്കിൽ നൽകും: മന്ത്രി
Mail This Article
കൊല്ലം ∙ പശുക്കുട്ടികൾക്കുള്ള കാലിത്തീറ്റ പകുതിനിരക്കിൽ നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരകർഷകർക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗോവർധിനി എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ജില്ലയിലെ 3950 പൈക്കിടാങ്ങളെ ഉൾപ്പെടുത്തും. അടുത്തയാഴ്ച മുതൽ സംസ്ഥാനത്തെ 32589 പശുക്കുട്ടികൾക്കുള്ള കാലിത്തീറ്റ പകുതിവിലയ്ക്കു നൽകും. കന്നുകാലി ഇൻഷുറൻസ് പുനഃസ്ഥാപിക്കുമെന്നും കാലികളിലെ വന്ധ്യതയ്ക്ക് ശാശ്വത പരിഹാരം കാണാൻ ചിതറയിൽ ഇൻഫർട്ടിലിറ്റി മാനേജ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. 181 കർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന 41 ലക്ഷം രൂപയുടെ ധനസഹായമാണ് മന്ത്രി വിതരണം ചെയ്തത്. കറവപ്പശുക്കളെ നഷ്ടപ്പെട്ടവർക്ക് 37,500 രൂപ വീതവും നഷ്ടപരിഹാരം നൽകി.സുജിത്ത് വിജയൻപിള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി.ഷൈൻകുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ, വൈസ് പ്രസിഡന്റ് ഷേർലി ഹെൻട്രി, സ്ഥിരസമിതി അധ്യക്ഷൻ യു.ബേബി രാജൻ, നീണ്ടകര വെറ്ററിനറി സർജൻ ഡോ. ശ്രീജ ലക്ഷ്മി, ഡോ.കാർത്തിക, ഡോ. ആര്യ, സുലോചനൻ തുടങ്ങിയവർ പ്രസംഗിച്ചു.