ADVERTISEMENT

കൊട്ടാരക്കര∙ ഏറ്റവും പ്രിയപ്പെട്ടവരുറങ്ങുന്ന മണ്ണാണ്; ആ ഓർമകളെ അവിടെ വിട്ടുപോരുകയെന്നത് ആർക്കും അത്ര എളുപ്പമല്ല. തേവലക്കര സ്വദേശി  പി.എം.കോശിക്കും ഭാര്യ സുനി കോശിക്കും അതൊട്ടും പറ്റുമായിരുന്നില്ല. കോശിയുടെ പിതാവിന്റെയും സുനിയുടെ മാതാവിന്റെയും മൃതദേഹാവശിഷ്ടങ്ങൾ ഛത്തീസ്ഗഡിലെ പള്ളിയിലെ കല്ലറയിൽ നിന്നു പുറത്തെടുത്ത് നാട്ടിലെ കുടുംബക്കല്ലറകളിൽ അന്ത്യവിശ്രമമൊരുക്കാനായിരുന്നു  അവരുടെ തീരുമാനം. അതു നടപ്പാകാൻ  അവർ   നിയമപോരാട്ടം നടത്തി. 

ഒടുവിൽ‌, ഛത്തീസ്ഗഡിലെ ഔദ്യോഗിക ജീവിതം കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ ദമ്പതികൾക്ക് ആശ്വാസം, അച്ഛനമ്മമാരുടെ ഓർമകളും തങ്ങൾക്കൊപ്പം വന്നല്ലോ!കോശിയുടെ പിതാവ് തേവലക്കര വാഴയിൽ പണിക്കോലിൽ മാത്യു വൈദ്യനും സുനിയുടെ മാതാവ് ചിന്നമ്മ മാത്യുവും ഛത്തിസ്ഗഡിൽ ഇവർക്കൊപ്പമാണു താമസിച്ചിരുന്നത്.  2000 ജനുവരി 2 ന്  മാത്യു മരിച്ചു. 2014 ഒക്ടോബർ 29നു ചിന്നമ്മയും. ഛത്തീസ്‌ഗഡ് കോർബ ഓർത്തഡോക്സ് പള്ളിയിലാണു മൃതദേഹങ്ങൾ സംസ്കരിച്ചത്. നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനമെടുത്തതോടെയാണു കോശിക്കും  സുനിക്കും പ്രതിസന്ധികളെ നേരിടേണ്ടി വന്നത്. അച്ഛനമ്മമാരുറങ്ങുന്ന മണ്ണിൽനിന്നു  2200 കിലോമീറ്ററോളം അകലേക്ക് എന്നെന്നേക്കുമായുള്ള മടക്കം വേദനിപ്പിക്കുന്നതായിരുന്നു.

കല്ലറയിൽ നിന്നു മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു നാട്ടിലെത്തിക്കാൻ  തീരുമാനിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഒടുവിൽ  നിയമസഹായം തേടി. അങ്ങനെയാണ് എഡിഎമ്മിന്റെയും റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. ട്രെയിനിലായിരുന്നു മടക്കം. ചിന്നമ്മ മാത്യുവിന്റെ സംസ്കാരം കൊട്ടാരക്കര കോട്ടപ്പുറം പള്ളിയിലെ കുന്നക്കര കുടുംബക്കല്ലറയിൽ നടത്തി. മാത്യു വൈദ്യനു  തേവലക്കര ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിലും അന്ത്യവിശ്രമമൊരുങ്ങി.  പൊന്നച്ചൻ, ബെന്നി കോട്ടപ്പുറം (മാധ്യമ പ്രവർത്തകൻ), ബെഞ്ചമിൻ, പരേതയായ മിനി മാത്യു എന്നിവരാണ് ചിന്നമ്മയുടെ മറ്റു മക്കൾ. പി.എം.കോശി വൈദ്യൻ, ലിസി, സുനി ജേക്കബ്, മോളി, ജോൺ, പരേതയായ കൊച്ചുമോൾ എന്നിവർ മരുമക്കളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com