ADVERTISEMENT

പുത്തൂർ ∙ ചൊവ്വാ രാത്രി നയ്റോബിയിലേക്കു പോകാൻ വിമാനടിക്കറ്റ് ബുക്കു ചെയ്തിരുന്നതാണ് വിളികേൾക്കുംപാറ ലിനീഷ് സദനിൽ ലിനീഷ് ലാൽ (45). പക്ഷേ രാവിലെ പേപ്പട്ടി കടിയേറ്റവരുടെ കൂട്ടത്തിൽ ലിനീഷ് ലാലും പെട്ടു. അതോടെ യാത്രയും മുടങ്ങി. രാവിലെ മകനെ സ്‌കൂൾ വാഹനത്തിൽ കയറ്റിവിടാൻ പോയി മടങ്ങുമ്പോഴായിരുന്നു പേപ്പട്ടിയുടെ ആക്രമണം. കാലിന് ആഴത്തിൽ മുറിവേറ്റതിനാൽ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാണു ചികിത്സ തേടിയത്. പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള ചികിത്സകൾ തുടരേണ്ടതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു എന്നു ലിനീഷ് ലാൽ പറഞ്ഞു.

പൊങ്ങൻപാറയിൽ പേപ്പട്ടി ശല്യം, പത്തോളം പേർക്ക് കടിയേറ്റു
പുത്തൂർ ∙ കുളക്കട പഞ്ചായത്തിലെ പൊങ്ങൻപാറയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ പത്തോളം പേർക്കു കടിയേറ്റു. ഒട്ടേറെ വളർത്തുമൃഗങ്ങളെയും കടിച്ചു പരുക്കേൽപിച്ചു. ചവണിപ്ലാവിള ഭാഗത്തായിരുന്നു പേപ്പട്ടിയുടെ സ്വൈരവിഹാരം. പ്രദേശവാസികളായ ലിനീഷ് സദനിൽ ലിനീഷ് ലാൽ, അനുസദനത്തിൽ ഓമനക്കുട്ടൻ പിള്ള, ശ്രീലയത്തിൽ അനിൽകുമാർ, വാലുതുണ്ടിൽ ചന്ദ്രൻകുട്ടി, ശ്രീനിലയത്തിൽ മോഹനൻ, നെടിയവിളപുത്തൻവീട്ടിൽ മുരളീധരൻപിളള , പൂവറ്റൂർക്കിഴക്ക് ദീപാഭവനിൽ സോമൻ എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ സോമനു കാര്യമായി പരുക്കേറ്റു.സോമന്റെ ശരീരത്തേക്കു ചാടിക്കയറിയ പട്ടി സോമനെ തള്ളിയിട്ട ശേഷം മുഖത്തു കടിച്ചു പരുക്കേൽപിച്ചു. കൺപോളയുടെ സമീപം വരെ കടിയേറ്റു.

കടിയേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തി പ്രതിരോധ കുത്തിവയ്പ് എടുത്തു. പരുക്കേറ്റവർ ചികിത്സ തേടി. തിങ്കൾ പകലായിരുന്നു പേപ്പട്ടി ഭീതി പരത്തി പാഞ്ഞു നടന്നത്. പോയ സ്ഥലങ്ങളിലൊക്കെ കിട്ടിയവരെയും വളർത്തുമൃഗങ്ങളെയും കടിക്കുകയായിരുന്നു. ഇന്നലെ ഇതിനെ ചത്ത നിലയിൽ കണ്ടെത്തി. കുളക്കട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്. വെണ്ടാർ സ്‌കൂൾ ജംക്‌ഷൻ, പൊങ്ങൻ പാറ, വിളികേൾക്കുംപാറ, പൂവറ്റൂർ, കുളക്കട, ആറ്റുവാശേരി എന്നിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്. വെണ്ടാർ കിഴക്കൻമാരൂർ ഭാഗത്ത് തെരുവുനായയെ ഇടിച്ചു ബൈക്ക് മറിഞ്ഞു യാത്രികനു പരുക്കേറ്റ സംഭവവും ഉണ്ടായി.

English Summary:

This article reports on a recent rabid dog attack in Pongampara, Kerala, where ten people and several animals were injured. The incident highlights the severe stray dog problem in the area and the need for urgent action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com