ആയൂർ ടൗൺ വികസനം: ചെലവിട്ടത് കോടികൾ; റോഡിലെ വെള്ളക്കെട്ട് ഇപ്പോഴും ഒഴിയുന്നില്ല
Mail This Article
ആയൂർ ∙ എംസി റോഡിൽ ആയൂർ ടൗണിന്റെ വികസനവുമായി ബന്ധപ്പെട്ടു കോടികൾ ചെലവഴിച്ചെങ്കിലും റോഡിലെ വെള്ളക്കെട്ടിനു ഇപ്പോഴും ശമനമില്ല. ചെറിയ മഴ പെയ്താൽ പോലും ടൗണിൽ വെള്ളം പൊങ്ങും. അശാസ്ത്രീയ ഓട നിർമാണമാണ് വെള്ളക്കെട്ടിനു പ്രധാന കാരണം. നിർമാണ സമയത്തു തന്നെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവഗണിച്ചതായി പ്രദേശവാസികൾ പറയുന്നു.
ഒഴുകി വരുന്ന മഴവെള്ളം ഓടയിലേക്ക് ഒലിച്ചിറങ്ങുന്നതിനുള്ള സൗകര്യം പല ഭാഗങ്ങളിലും ഇല്ല. ഇതുമൂലം മഴവെള്ളം റോഡിന്റെ വശത്തു കൂടിയാണ് ഒഴുകുന്നത്. മഴ ശക്തമാകുമ്പോൾ വെള്ളത്തിന്റെ ഒഴുക്കും ശക്തമാകും. ഈ സമയങ്ങളിൽ കാൽനട യാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാൻ പ്രയാസമാണ്.
സ്ത്രീകൾ, വയോധികർ, വിദ്യാർഥികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ശക്തമായ ഒഴുക്കിൽ നില തെറ്റി ചിലപ്പോൾ വിദ്യാർഥികൾ വെള്ളത്തിൽ വീഴാറുണ്ടെന്നും പറയുന്നു. മലിന ജലത്തിൽ ചവിട്ടി നടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കു ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതായും പറയുന്നു.