ദേശീയപാത-66: കൊല്ലം ജില്ലയിൽ 2 ടോൾ പ്ലാസകള്; നിർമാണം പുരോഗമിക്കുന്നു
Mail This Article
ചാത്തന്നൂർ ∙ ദേശീയപാത-66 വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ടോൾ പ്ലാസകളുടെ നിർമാണം പുരോഗമിക്കുന്നു. ജില്ലയിൽ 2 ടോൾ പ്ലാസകളാണു വരുന്നത്.കല്ലുവാതുക്കൽ ശ്രീരാമപുരം പെട്രോൾ പമ്പിനു സമീപവും ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിനും സമീപവുമാണ് ടോൾ പ്ലാസകൾ ഉണ്ടാവുക. കല്ലുവാതുക്കൽ ശ്രീരാമപുരത്തിനു സമീപം പാതയുടെ ഇരുവശത്തും ടോൾ ബൂത്തുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ദേശീയപാതയിലെ വാഹനങ്ങളുടെ വേഗത്തെ ബാധിക്കാത്ത രീതിയിലാണ് ടോൾ പ്ലാസ വരുന്നത്. ഇടറോഡുകൾ കുറവുള്ളതും ടോൾ ബൂത്ത് ഒഴിവാക്കി വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത, ദേശീയപാത ദൂരത്തിൽ കാണാൻ കഴിയുന്ന സ്ഥലം എന്നിവ വിലയിരുത്തിയാണ് ടോൾ പ്ലാസ നിർമിക്കുന്നതെന്നു ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.
ടോൾ പ്ലാസകൾക്കു സമീപം വിശ്രമ സൗകര്യങ്ങൾ, വലിയ ചരക്കു വാഹനങ്ങൾക്ക് ഉൾപ്പെടെ നിർത്തിയിടാൻ സ്ഥല സൗകര്യം എന്നിവ ഉണ്ടാകും. സർവീസ് റോഡ് ഉണ്ടാകില്ല. സർവീസ് റോഡിന്റെ സ്ഥാനത്താണ് ടോൾ ബൂത്ത് വരിക.ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ആകെ 11 ടോൾ പ്ലാസകൾ ഉണ്ടാകും.രണ്ടു ടോൾ പ്ലാസകൾ തമ്മിലുള്ള അകലം 50 മുതൽ 60 കിലോമീറ്റർ വരെയാണ്. ജില്ലയിൽ ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ 64 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസിപ്പിക്കുന്നത്.
മേൽപാതകൾ ഭാഗികമായി തുറന്നു
ചാത്തന്നൂർ ∙ ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ, ചാത്തന്നൂർ ശീമാട്ടി, ഉമയനല്ലൂർ മേൽപാതകൾ ഗതാഗതത്തിനു ഭാഗികമായി തുറന്നു നൽകി.ചാത്തന്നൂർ ശീമാട്ടി മേൽപാതയിലൂടെ തിരുവനന്തപുരം ഭാഗത്തേക്കും ഉമയനല്ലൂർ മേൽപാതയിലൂടെ കൊല്ലം ഭാഗത്തേക്കും ഗതാഗതം അനുവദിച്ചത്.ഇരു മേൽപാതയിലും മറുവശത്തേക്കു സർവീസ് റോഡിലൂടെയാണ് ഗതാഗതം. ശീമാട്ടി മേൽപാത തുറന്നു നൽകിയപ്പോൾ സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ പ്രധാന പാതയിലേക്കു പ്രവേശിച്ചു അപകടങ്ങൾ വരുത്തിയിരുന്നു.