ADVERTISEMENT

കൊല്ലം∙ മഴയിൽ റോഡുകൾ ചെളിക്കുളങ്ങളായി. ദേശീയപാത 66ൽ നിർമാണം നടക്കുന്ന ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. തിരുവനന്തപുരം ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ പെട്ട് തകരാറിലായത് 2 മണിക്കൂർ നീണ്ട ഗതാഗത സ്തംഭനത്തിനു കാരണമായി. ശക്തമായ കാറ്റിലും മഴയിലും ഓടനാവട്ടത്ത് മേഖലയിൽ മരം വീണ് തട്ടുകട പൂർണമായും തകർന്നു. എന്നാൽ, മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാവിലെ വരെ  ജില്ലയിൽ യെലോ അലർട്ടായിരുന്നു. മഴയുടെ കാഠിന്യം കണക്കിലെടുത്ത് ഉച്ചയോടെ ഓറഞ്ച് അലർട്ടിലേക്ക് മാറി.

ഓടനാവട്ടം ചുങ്കത്തറ പാലത്തിനു സമീപം തോടിന്റെ വശത്തായി പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണു. ഇന്നലെ പുലർച്ചെയാണ് സംഭവം. കട തുറക്കുന്നതിനു മുൻപാണ് മരം വീണത്. കൊട്ടാരക്കരയിൽ നിന്നു ഫയർ ആൻഡ് റെസ്ക്യു ടീം എത്തി മരത്തിൽ ശിഖരങ്ങൾ വെട്ടിമാറ്റി. 

ചാത്തന്നൂർ വൈദ്യുതി ഭവനു സമീപത്തെ വെള്ളക്കെട്ടിൽ അകപ്പെട്ടു ബ്രേക്ക്ഡൗണായ കെഎസ്ആർടിസി ബസിനെ റോഡ് റോളറിൽ കെട്ടിവലിച്ചു നീക്കുന്നു. ബസ് കുടുങ്ങിയതിനെത്തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചാത്തന്നൂർ വൈദ്യുതി ഭവനു സമീപത്തെ വെള്ളക്കെട്ടിൽ അകപ്പെട്ടു ബ്രേക്ക്ഡൗണായ കെഎസ്ആർടിസി ബസിനെ റോഡ് റോളറിൽ കെട്ടിവലിച്ചു നീക്കുന്നു. ബസ് കുടുങ്ങിയതിനെത്തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ചാത്തന്നൂർ വൈദ്യുതി ഭവനു മുന്നിലാണ് കെഎസ്ആർടിസി ബസ് ബ്രേക്ഡൗണായത്. തുടർന്ന് വഴിതിരിച്ചു വിടാനുള്ള ശ്രമം നടത്തിയെങ്കിലും ഫലപ്രദമായില്ല. ബസ് റോഡ് റോളർ ഉപയോഗിച്ചു കെട്ടിവലിച്ചു മാറ്റിയതിനു ശേഷമാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. ഉച്ചവരെ തോരാതെ പെയ്ത കനത്ത മഴയിൽ കരുനാഗപ്പള്ളി മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ദേശീയപാതയുടെ വശത്തുള്ള പല ഭാഗങ്ങളും വെള്ളക്കെട്ടിലാണ്. ഉച്ചയ്ക്ക് ശേഷം മഴ ചെറിയ നിലയിൽ തോർന്നെങ്കിലും കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

പാലരുവിയിൽ സ​ഞ്ചാരികൾക്ക് വിലക്ക്
ആര്യങ്കാവ്∙ കിഴക്കൻ മേഖലയിലെ അതിശക്തമായ മഴയെത്തുടർന്നു നീരൊഴുക്കു ശക്തമായതോടെ വനം വകുപ്പിന്റെ പാലരുവി വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്കുള്ള പ്രവേശനം വിലക്കി.തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലും കനത്ത നീരൊഴുക്കിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഇവിടേക്കുള്ള പ്രവേശനവും തടഞ്ഞു. നീരൊഴുക്ക് കുറഞ്ഞ് അപകടഭീഷണി ഇല്ലാതായാൽ ഇരു വെള്ളച്ചാട്ടങ്ങളിലേക്കും സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കും.

മേഖലയിൽ തുടരുന്ന ശക്തമായ മഴയ്ക്ക് ഇന്നലെയും ശമനമില്ല. അതിർത്തിയായ തെങ്കാശി മേഖലയിൽ മഴയില്ലെങ്കിലും കേരളത്തിലെ ശക്തമായ മഴയിൽ കുറ്റാലം വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ശക്തമാകുകയായിരുന്നു. ഇരുവെള്ളച്ചാട്ടങ്ങളിലും കുളിക്കാനും കാണാനുമായി എത്തിയവർ പ്രത്യേക സാഹചര്യം കണക്കിലെടുത്തു അധികൃതർ നൽകിയ നിർദേശത്തെ തുടർന്നു തിരികെപ്പോയി.

English Summary:

Intense rainfall in Kollam, Kerala has caused widespread waterlogging, impacting traffic on National Highway 66. A KSRTC bus was stranded for two hours, highlighting the severity of the situation. While a tree fell causing damage to a shop, no major casualties have been reported. The meteorological department upgraded the alert level to orange due to the heavy downpour.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com