ADVERTISEMENT

പുത്തൂർ ∙ പുലിപ്പേടിയിൽ ചെറുപൊയ്ക ഗ്രാമം. ഇന്നലെ പുലർച്ചെയും വൈകിട്ടുമായി മൂന്നിടത്തു വരയൻ പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ പുലർച്ചെ ചെറുപൊയ്കയിലെ പഴയ കരിമ്പിൻതോട്ടത്തിന്റെ ഭാഗത്തു പുലിയെ കണ്ടു എന്നു പ്രദേശവാസി പറഞ്ഞതാണ് ഗ്രാമത്തെ പുലിപ്പേടിയിലേക്കു തള്ളിവിട്ടത്. പിന്നീട് കോരായിക്കോട് ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാരൻ പറഞ്ഞതോടെ ഗൗരവം വർധിച്ചു. നായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കുന്നതും കേട്ടതോടെ പുലിയാണെന്ന സംശയം മറ്റുള്ളവരോടു പങ്കുവയ്ക്കുകയായിരുന്നു.

 വിവരം പുറത്തു പ്രചരിച്ചതോടെ മറ്റൊരാളും പുലിയെ കണ്ടതായി പറഞ്ഞു രംഗത്തെത്തി. ഒരു തെരുവുനായയുടെ കഴുത്തിനു സാരമായി മുറിവേറ്റ നിലയിൽ കണ്ടത് പുലിയുടെ ആക്രമണത്തിൽ പറ്റിയതാകാം എന്ന അഭിപ്രായവും പ്രചരിച്ചു.പക്ഷേ ഇന്നലെ രാത്രി ഏഴോടെ മേച്ചിറ തലവരമ്പിനു വടക്കുവശത്തെ വീട്ടിലുള്ളവർ പുലിയെ വ്യക്തമായും കണ്ടു എന്ന വിവരം പുറത്തായതോടെയാണു ഗ്രാമം പുലിപ്പേടിയിലായത്. നായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കുന്നതു കേട്ട് ലൈറ്റ് തെളിച്ചു നോക്കിയപ്പോൾ രണ്ടു നായ്ക്കളുടെ വലുപ്പമുള്ള വരയുള്ള ജീവി ഇരുട്ടിലേക്കു കുതിക്കുന്നതാണ് വീട്ടുകാർ കണ്ടത്.

 ഇവരുടെ നിലവിളി കേട്ടു സമീപത്തെ ശിവോദയം ക്ലബ്ബിലുണ്ടായിരുന്ന യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഏലായിലും പരിസരങ്ങളിലും തിരഞ്ഞു. ഒന്നും കണ്ടെത്താനായില്ലെങ്കിലും രാത്രിയിലും പരിശോധന തുടരുകയാണ്.ഗ്രാമത്തിൽ പുലിയിറങ്ങിയെന്ന വിവരത്തെത്തുടർന്നു ഇന്നലെ പകൽ പുന്നല വനംവകുപ്പു ഓഫിസിൽ നിന്നു വനപാലക സംഘം സ്ഥലത്തു വിശദമായ പരിശോധന നടത്തിയിരുന്നു. പഞ്ചായത്തംഗങ്ങളായ ആർ.രജനി, സുജാതയമ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം.

English Summary:

Fear has gripped the residents of Cherupoyka village in Puttur, Kerala, following multiple reported sightings of a leopard. The sightings, which occurred in different locations including a sugarcane field and Korayikode area, have sparked panic and prompted calls for action from the forest department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com