ഒടുവിൽ കൊയ്ത്ത് യന്ത്രം എത്തി; ഇതാണ് ശരിക്കും ‘മാതൃകാ’ കൃഷി
Mail This Article
കടയ്ക്കൽ∙ വൻ തുക ചെലവഴിച്ചു നടത്തിയ നെൽക്കൃഷി സമയബന്ധിതമായി വിളവെടുക്കാൻ കഴിയാത്തതിനാൽ വെള്ളം കയറി നശിച്ചു. സർക്കാരിന്റെ കടയ്ക്കൽ വിത്തുൽപാദന കേന്ദ്രത്തിലാണ് സമയത്ത് കൊയ്ത്ത് നടത്താത്തത് മൂലം നെല്ല് നശിച്ചത്. രണ്ടു മാസമായി തൊഴിലാളികളെ ഉപയോഗിച്ചു കൊയ്ത് തുടങ്ങിയിട്ട്. എന്നാൽ 18 ഏക്കറിലെ നെല്ല് തൊഴിലാളികളെ ഉപയോഗിച്ചു കൊയ്ത് തീർക്കാൻ കഴിയില്ലെന്നു അറിയാമായിരുന്നിട്ടും യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്താൻ തുടക്കത്തിൽ തയാറായില്ല. മഴ തുടങ്ങിയതോടെ പാടത്ത് വെള്ളവും കയറി.
ഒടുവിൽ കഴിഞ്ഞ ദിവസം കൊയ്ത്ത് യന്ത്രം കൊണ്ടു വന്നു. ഒരു സ്ഥലത്ത് കുറച്ച് ഭാഗം കൊയ്തപ്പോൾ മഴ പെയ്തു. പാടത്ത് വെള്ളം കയറിയതിനാൽ യന്ത്രം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൃഷി നടത്തി വിളവെടുത്ത് കർഷകർക്ക് മാതൃകയാകേണ്ട കൃഷി വകുപ്പ് തന്നെ കൃഷി നടത്തി വൻ നഷ്ടം വരുത്തുകയാണെന്ന് ആണ് ആരോപണം. കടയ്ക്കൽ ജംക്‌ഷനിലാണ് വിത്തുൽപാദന കേന്ദ്രം പാടശേഖരം.