മഴക്കണക്കിൽ കൊല്ലം ജില്ലയ്ക്ക് നേരിയ ആശ്വാസം
Mail This Article
കൊല്ലം ∙ കാലവർഷം കടന്നു തുലാവർഷത്തിലേക്ക് കടന്നപ്പോൾ മഴക്കണക്കിൽ ജില്ലയ്ക്ക് നേരിയ ആശ്വാസം മാത്രം. മഴയുടെ ഇരു സീസണുകളിലും ജില്ലയിൽ ലഭിക്കേണ്ട മഴ പൂർണമായി ലഭിച്ചിട്ടില്ല. എന്നാൽ വലിയ മോശമല്ലാത്ത ഭേദപ്പെട്ട മഴയാണ് ഇത്തവണ മഴക്കാലത്തും ഇതുവരെയുള്ള തുലാമഴയിലും ലഭിച്ചത്. മഴ ശക്തമാകുന്ന തെക്കു പടിഞ്ഞാറൻ മൺസൂണായ കാലവർഷത്തിൽ 15 ശതമാനം മഴക്കുറവാണ് ജില്ലയിലുള്ളത്. ഇതുവരെയുള്ള തുലാവർഷത്തിൽ 19 ശതമാനം മഴക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും കാലാവസ്ഥാ വിദഗ്ധർ 20 ശതമാനം വരെയുള്ള മഴക്കുറവും മഴക്കൂടുതലും സാധാരണ മഴ ലഭിക്കുന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.
കാലവർഷം
സംസ്ഥാനത്ത് ഒരു വർഷം ലഭിക്കുന്ന മഴയുടെ 70–80 ശതമാനം മഴ ലഭിക്കുന്നത് ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ സമയമായ കാലവർഷത്തിലാണ്. ഈ സമയത്ത് ജില്ലയിൽ 15 ശതമാനം മഴക്കുറവാണുള്ളത്. 1,257.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ഈ സമയത്ത് 1,065 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കേരളത്തിൽ ആകമാനവും 13 ശതമാനത്തിന്റെ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ ജില്ലയിൽ 17 ശതമാനം മഴക്കുറവാണ് ഉണ്ടായിരുന്നത്. അടുത്ത വർഷത്തെ വരൾച്ച ഉൾപ്പെടെയുള്ള കാര്യത്തിലും ഏറ്റവും പ്രധാനമാകുന്നത് ഈ കാലയളവിൽ ലഭിക്കുന്ന മഴയാണ് എന്നതിനാൽ ജില്ലയിലെ 15 ശതമാനം മഴക്കുറവ് ആശങ്കയുണ്ടാക്കുന്നതല്ലെങ്കിലും കരുതൽ അനിവാര്യമാണ്.
തുലാവർഷം
ജില്ലയിൽ ദുർബലമായി തുടങ്ങിയ തുലാവർഷം കഴിഞ്ഞ ദിവസങ്ങളിൽ സജീവമാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവാണ് തുലാവർഷമായി കണക്കാക്കുന്നത്. ഇതുവരെ ജില്ലയിൽ ലഭിക്കേണ്ട 301.9 മില്ലിമീറ്റർ മഴയിൽ 243.9 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്– 19% മഴക്കുറവ്. സംസ്ഥാനത്ത് പല ഇടങ്ങളിലും ഇതിൽ വലിയ വ്യത്യാസം കാണാൻ സാധിക്കും. എറണാകുളത്ത് 47% മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് 41% മഴ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഇടിയുടെ അകമ്പടിയോടെയുള്ള ശരിക്കുള്ള തുലാമഴ ലഭിക്കാൻ ഇനിയും വൈകിയേക്കും.