ബന്ധുക്കളുടെ വീടുകളിൽ നിന്ന് സ്വർണ മോഷണം നടത്തി ആഡംബര ജീവിതം: ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ
Mail This Article
കടയ്ക്കൽ∙ മോഷണം നടത്തിയ സ്വർണം വിൽപന നടത്തി ആഡംബര ജീവിതം നയിച്ചു വന്ന ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. ചിതറ ഭജനമഠം എംഎൻ ഹൗസിൽ മുബീനയെയാണ് (26) ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് 17 പവൻ സ്വർണം മുബീന മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കിഴിനിലയിൽ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ 6 പവൻ താലി മാല, ഒരുപവൻ വള, ഒരു പവൻ വീതമുളള രണ്ട് കൈ ചെയിൻ, രണ്ട് ഗ്രാം തൂക്കം വരുന്ന രണ്ട് കമ്മൽ എന്നിവ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 10നാണ് സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. മറ്റൊരു സ്വർണ മോഷണ പരാതി ജനുവരിയിൽ ചിതറ സ്റ്റേഷനിൽ മുബീനയ്ക്കെതിരെ ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടത്തുമ്പോഴാണ് മുബീനയ്ക്കെതിരെ ഭർതൃസഹോദരി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകുന്നത്. മുബീനയുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. മുബീന ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്നു പൊലീസ് കണ്ടെത്തി.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണം നടത്തിയത് മുബീനയാണന്ന് തെളിഞ്ഞു. സ്വർണവും പണവും മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണം വിൽപന നടത്തിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.