വാളത്തുംഗലിലും തിരുമുക്കിലും കടകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം വർധിക്കുന്നു
Mail This Article
ഇരവിപുരം ∙ വാളത്തുംഗലിലും തിരുമുക്കിലും കടകളും വീടുകളും കേന്ദ്രീകരിച്ചു മോഷണവും മോഷണശ്രമവും കൂടുന്നുവെന്നു പരാതി.ഇരവിപുരം പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന തിരുമുക്കിന് 500 മീറ്റർ ചുറ്റളവിൽ പല കടകളിലും മോഷണശ്രമം നടന്നു. 20നു രാത്രി 8നു ശേഷം ജോളി ജംക്‌ഷനിലെ സുബിന്റെ പലചരക്കു കടയിൽ 3 സ്ഥലങ്ങളിലായി ഗ്രിൽ അറുത്തു മാറ്റി അകത്തു കയറാൻ മോഷ്ടാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു. സമീപത്തെ ചായക്കടയിലും കയറാൻ ശ്രമം നടത്തി. 2 പേർ കടയ്ക്കു മുന്നിൽ ഇരിക്കുന്നത് വഴിയാത്രക്കാരൻ കണ്ടിരുന്നു. അതേദിവസം വീടുകളിലെ മോട്ടർ പമ്പുകൾ മോഷണം പോയി. ഇരവിപുരം സ്റ്റേഷനിൽ വ്യാപാരികൾ പരാതി നൽകി. എന്നാൽ, കാര്യമായ അന്വേഷണം നടക്കുന്നില്ല എന്നാണു വ്യാപാരികളുടെ പരാതി.
പിടിയിൽ
പൂട്ടിക്കിടന്ന ആശുപത്രി ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. ആശ്രാമം കാവടിപ്പുറത്ത് പുത്തൻ കണ്ടത്തിൽ വീട്ടിൽ വിഷ്ണു (24), ആശ്രാമം സമൃതി നഗറിൽ കുരുവേലി പടിഞ്ഞാറ്റതിൽ അതുൽ (26) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയുടെ പൂട്ടിക്കിടന്ന ക്വാർട്ടേഴ്‌സിലാണു മോഷണം നടന്നത്. വാതിൽ കുത്തിത്തുറന്ന് വീട്ടുപകരണങ്ങളും പ്ലമിങ്, ഇലക്ട്രിക് ഫിറ്റിങ്ങുകളും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ആണു പ്രതികളെ കണ്ടെത്തിയത്.
ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുമേഷ്, ശബ്നം, സിപിഒമാരായ അജയകുമാർ, അനു ആർ.നാദ്, ശഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.