പുനലൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ പുതിയ ഫ്ലാറ്റ് സമുച്ചയം വരുന്നു
Mail This Article
പുനലൂർ ∙ 3.4 ഏക്കർ ഭൂമിയുള്ള, അപകടഭീഷണി നേരിടുന്നതും വാസയോഗ്യമല്ലാത്തതുമായ 48 ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന പുനലൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ പുതിയ ഫ്ലാറ്റ് സമുച്ചയം വരുന്നു. 2 നിലകളിലായി 8 ഫ്ലാറ്റുകൾ ഉള്ള സമുച്ചയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഇതിനായി 1.96 കോടി രൂപ അനുവദിച്ചു. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ ആണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. പുനലൂർ പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസിനും മധ്യേയുള്ള ഭാഗത്തെ കുറേ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കിയ സ്ഥലത്താണു പുതിയ നിർമാണം നടത്തുക. പഴയ ക്വാർട്ടേഴ്സുകൾ നീക്കം ചെയ്തു പുതിയ ക്വാർട്ടേഴ്സുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ‘മനോരമ’ ഒട്ടേറെ വാർത്തകൾ നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് 250 മീറ്റർ അകലെയാണ് പുതിയ ഫ്ലാറ്റ് സമുച്ചയം വരുന്നത്. ട്രെയിനിനെ ആശ്രയിച്ചു യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതൊരനുഗ്രഹമായിരിക്കും. പൊലീസ് സബ് ഡിവിഷൻ ആസ്ഥാനമായ ഇവിടെ മുൻപ് 48 ക്വാർട്ടേഴ്സുകളിലും പൊലീസുദ്യോഗസ്ഥർ പതിവായി താമസിക്കുന്നുണ്ടായിരുന്നു.
എന്നാൽ കാലപ്പഴക്കം മൂലം ക്വാർട്ടേഴ്സുകൾ വാസയോഗ്യമല്ലാതായി മാറി. സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതായിരുന്നു കാരണം. ആഭ്യന്തര വകുപ്പിനു പട്ടണത്തിൽ തന്ത്രപ്രധാനമായ സ്ഥലത്ത് 3 ഏക്കറിലധികം സ്ഥലം ഉണ്ടെങ്കിലും ബാക്കി ഭാഗങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്. പഴയ ക്വാർട്ടേഴ്സുകൾ നീക്കം ചെയ്തു പൊലീസ് സ്റ്റേഷന് അനുബന്ധമായ ഇതര കെട്ടിടങ്ങളും കൂടുതൽ ക്വാർട്ടേഴ്സുകളും നിർമിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. നിലവിലുള്ള ക്വാർട്ടേഴ്സുകൾ 7 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ്. പുതിയ ഫ്ലാറ്റ് സമുച്ചയം വരുന്നതോടെ ദേശീയപാതയിൽ ചെമ്മന്തൂരിൽ നിന്നു പൊലീസ് സ്റ്റേഷന്റെ മുൻഭാഗത്തു കൂടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന റോഡും പുനർനിർമിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പരേഡ് ഗ്രൗണ്ട്, പാർക്കിങ് ഏരിയ, കളിസ്ഥലം എന്നിവയും അനുബന്ധമായി സ്ഥാപിക്കണെമന്നും പറയുന്നു. പൊലീസ് സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തെ ഗ്രൗണ്ട് മുഴുവൻ ഒട്ടേറെ പഴയ വാഹനങ്ങൾ കുന്നു കൂടി കിടക്കുകയാണ്. ഇവിടം ഇഴജന്തുക്കളുടെ താവളമായും മാറിയിട്ടുണ്ട്. കുറെ വാഹനങ്ങൾ അടുത്തിടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോയെങ്കിലും ബാക്കിയുള്ള വാഹനങ്ങൾ അവിടെത്തന്നെ കിടക്കുകയാണ്.