കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനം; പ്രതികളോട് കോടതിയുടെ 10 ചോദ്യം
Mail This Article
കൊല്ലം ∙ കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടന കേസിലെ പ്രതികളോട് കോടതി ചോദിച്ചത് 10 ചോദ്യങ്ങൾ വീതം . കുറ്റക്കാരാണെന്ന് വിധിച്ച ആദ്യത്തെ 3 പ്രതികളായ അബ്ബാസ് അലി, ഷംസൂൺ കരീം രാജ, ദാവൂദ് സുലൈമാൻ എന്നിവരോടാണ് കോടതി 10 ചോദ്യങ്ങൾ ചോദിച്ചത്.
ഇവർ കുറ്റക്കാരാണെന്ന് വിധിച്ച ശേഷമായിരുന്നു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാറിന്റെ ചോദ്യം. കന്യാകുമാരി സ്വദേശിയും നെടുങ്ങോലത്ത് താമസിക്കുകയും ചെയ്യുന്ന പരവൂർ കോടതിയിലെ അഭിഭാഷകയായ രേഖ ദീപുവിന്റെ വിവർത്തനത്തിന്റെ സഹായത്തോടെയാണ് തമിഴ്നാട് സ്വദേശികളായ പ്രതികളോട് കോടതി ആശയവിനിമയം നടത്തിയത്.
കനത്ത സുരക്ഷ
കൊല്ലം ∙ കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടന കേസിലെ വിധി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സ്വീകരിച്ചത് കനത്ത സുരക്ഷാ നടപടികൾ. കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ ദ്രുതകർമസേനയും ബോംബ് സ്ക്വാഡും അടങ്ങിയ വൻ പൊലീസ് സംഘമാണ് കോടതി പരിസരത്തുണ്ടായിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥരും കോടതി വിധി കേൾക്കാൻ എത്തിയിരുന്നു.
കോടതി ചോദിച്ച പ്രധാന ചോദ്യങ്ങൾ:
1എത്ര വരെ പഠിച്ചിട്ടുണ്ട്.
2എന്ത് ജോലിയാണ് ചെയ്തിരുന്നത്.
3വീട്ടിൽ ആരൊക്കെയുണ്ട്.
4വീട്ടിലെ കാര്യങ്ങൾ ആരാണ് നോക്കുന്നത്.
5 തീവ്രവാദ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നുണ്ടോ.
6 ഇന്ത്യയുടെ ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടോ.
7 ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റവരോട് സഹതാപം തോന്നിയിട്ടുണ്ടോ.
8 ഭാവിയിൽ എന്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.
9 ശിക്ഷയെ സംബന്ധിച്ചു എന്താണ് പറയാനുള്ളത്?
10 കോടതിയോട് പ്രത്യേകമായി എന്തെങ്കിലും പറയാനുണ്ടോ.
ഒന്നാം പ്രതി അബ്ബാസ് അലി എട്ടാം ക്ലാസ് വരെയാണ് പഠിച്ചത്. രണ്ടാം പ്രതി ഷംസൂൺ കരീം രാജ ബികോം ബിരുദധാരിയാണ്. മൂന്നാം പ്രതി ദാവൂദ് സുലൈമാൻ സോഫ്റ്റ്‌വെയർ എൻജിനീയർ. ഇതിനകം 8 വർഷം തടവിൽ കഴിഞ്ഞതിനാൽ ശിക്ഷ കുറച്ചു നൽകണമെന്നും കൂടുതലൊന്നും പറയാനില്ലെന്നും മൂവരും മറുപടി നൽകി. അതേ സമയം ഇപ്പോൾ തടവിൽ കഴിയുന്ന തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ബെംഗളൂരുവിലേക്കു മാറ്റണമെന്ന് പ്രതികൾ കോടതിക്ക് അപേക്ഷ നൽകി. ശിക്ഷ വിധിക്കുമ്പോൾ കോടതി ഇക്കാര്യത്തിൽ തീർപ്പ് കൽപിക്കും.