പാരിപ്പള്ളി മെഡിക്കൽ കോളജിലെ നഴ്സുമാർക്ക് താമസിക്കാൻ സ്ഥലമില്ല
Mail This Article
കൊല്ലം ∙ പാരിപ്പള്ളി മെഡിക്കൽ കോളജിലെ നഴ്‌സുമാർക്കു താമസിക്കാൻ ഹോസ്റ്റലും ക്വാർട്ടേഴ്സും ഇല്ലതായതോടെ പെരുവഴി സമരം നടത്തി നഴ്സുമാർ. കഴിഞ്ഞ രണ്ട് അധ്യയന വർഷത്തിലും പാരിപ്പള്ളി സർക്കാർ നഴ്‌സിങ് കോളജിലെ വിദ്യാർഥികളുടെ താമസ സൗകര്യം താൽക്കാലികമായി ഉറപ്പാക്കുന്നതിനായി നിലവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാരുടെ 4 നിലയുള്ള ഹോസ്റ്റലിന്റെ 3 നിലകൾ മുൻപ് നഴ്സുമാർ നൽകിയിരുന്നു.
പിന്നീട് പുതിയ അധ്യയന വർഷത്തിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് താമസ സൗകര്യം നൽകുന്നതിനായി നടത്തിയ പരിശോധനയിൽ 19 ഒഴിഞ്ഞ മുറികൾ കണ്ടെത്തി ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ഇത് മറികടന്നു പുതിയ നിലയിലെ നഴ്സുമാരുടെ 14 മുറികൾ ഒഴിഞ്ഞു നൽകാൻ അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചതാണ് വിവാദമായത്.
വിദ്യാർഥികൾക്ക് താമസ സൗകര്യം ഏർപ്പെടുത്താൻ ആശുപത്രിയിൽ മറ്റു സംവിധാനങ്ങൾ ഉണ്ടായിട്ടും നഴ്സുമാരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുന്നതിൽ കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) പ്രതിഷേധിച്ചു.കെജിഎൻഎ ജില്ലാ കമ്മിറ്റിയുടെയും പാരിപ്പള്ളി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻവശത്ത് 24 മണിക്കൂർ പെരുവഴി സമരം സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.നീതു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.അനീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്.ഹമീദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.ബീവ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ.മനു, എം.ആർ.അരുൺ ബാബു എന്നിവർ പ്രസംഗിച്ചു.