ADVERTISEMENT

കൊല്ലം ∙ കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ നാളെ ‌കോടതിയിൽ നേരിട്ടു ഹാജരാക്കും. തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര ഇസ്മയിൽപുരം സ്വദേശി അബ്ബാസ് അലി (31), മധുര കെ പുതുർ സ്വദേശി ഷംസൂൺ കരീം രാജ (33), മധുര പള്ളിവാസൽ സ്വദേശി ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരാണെന്നു ജില്ലാ പ്രി‍ൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ കണ്ടെത്തിയിരുന്നു. നാലാം പ്രതി മധുര സ്വദേശി ഷംസുദ്ദീനെ വിട്ടയച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാകാനുള്ളതിനാൽ ഇയാൾ ജയിൽ മോചിതനായിട്ടില്ല.

പ്രതികൾക്കെതിരെ നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) 16 ബി (ഭീകര പ്രവർത്തനം), 18 (ഗൂഢാലോചന), 20 (ഭീകര സംഘടനയിലെ അംഗത്വം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (വധശ്രമം), 324 (ആക്രമിച്ചു മുറിവേൽപിക്കൽ, 427 (നാശനഷ്ടം വരുത്തൽ), 120 ബി (ഗൂഢാലോചന) എന്നീ കുറ്റങ്ങൾക്കു പുറമേ സ്ഫോടക വസ്തു നിയമം, പൊതുമുതൽ നശീകരണ തടയൽ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും തെളിയിക്കപ്പെട്ടു. ശിക്ഷ സംബന്ധിച്ച് ഇന്നലെ അന്തിമ വാദം നടന്നു. വിഡിയോ കോൺഫറൻസിലൂടെ പ്രതികളെയും ഹാജരാക്കിയിരുന്നു. തടവുശിക്ഷ ഉണ്ടെങ്കിൽ അതു ബെംഗളൂരു ജയിലിൽ അനുഭവിക്കാൻ അനുവദിക്കണമെന്നു പ്രതികൾ അഭ്യർഥിച്ചു. ഇതിനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിച്ചു. ഇക്കാര്യത്തിലും നാളെ കോടതി ഉത്തരവുണ്ടാകും.

ജീവപര്യന്തം ശിക്ഷ നൽകണം: പ്രോസിക്യൂഷൻ
പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്കു കുറ‍ഞ്ഞ ശിക്ഷയേ നൽകാവൂവെന്നു പ്രതിഭാഗവും വാദിച്ചു.ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാജ ഏറ്റുമുട്ടലിലൂടെ ഇസ്രത്ത് ജഹാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധമായിട്ടാണു കൊല്ലം കോടതി വളപ്പിൽ 2016 ജൂൺ 15ന് ഉഗ്ര ശേഷിയുള്ള ബോംബ് സ്ഥാപിച്ചതെന്നു പ്രോസിക്യൂഷനു വേണ്ടി ആർ. സേതുനാഥ് പറഞ്ഞു. പ്രതികൾ കോടതികൾക്കെതിരെ നടത്തിയിട്ടുള്ള പരാമർശവും കണക്കിലെടുക്കണം.

ബേസ് മൂവ്മെന്റ് സംഘടന അൽ ഖായിദയുടെ ഭാഗമാണെന്നു തെളിയിക്കുന്ന ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അക്രമങ്ങൾ നടത്തുമെന്നു പ്രതികളിൽ നിന്നും പിടിച്ചെടുത്ത രേഖകളിലും പരാമർശമുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ ഒരാൾക്കു ചെറിയ പരുക്കാണ് ഉണ്ടായതെന്നും കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ഷാനവാസിന്റെ വാദം.

English Summary:

Three members of the terrorist organization Base Movement await sentencing in the 2016 Kollam Collectorate bomb blast case. The prosecution demands life imprisonment, citing the severity of the crime and links to Al Qaeda. The defense argues for a minimum sentence, claiming minimal damage and injury.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com