മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ നിയമ നടപടിയെന്ന് അവധൂതാശ്രമം
Mail This Article
കൊട്ടാരക്കര∙ സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസിമാരെ അധിക്ഷേപിക്കുകയും ആശ്രമത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്ത മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി, സ്വാമി അമൃതാനന്ദ ഭാരതി, പിആർഒ കെ.ആർ.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി നൽകിയതിനു പുറമേ ഹൈക്കോടതിയെ സമീപിച്ചതായും അവർ അറിയിച്ചു. ആശ്രമം തകർക്കാൻ ശ്രമിക്കുന്ന സ്വാമി രാമാനന്ദ ഭാരതിയുടെ ബെനാമി സ്വത്തുക്കളെക്കുറിച്ചും യാത്രകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഉൾപ്പെടെ ഏജൻസികൾക്കു പരാതി നൽകിയതായും ആശ്രമം അധികൃതർ അറിയിച്ചു. ഭൂമി കയ്യേറി ആശ്രമത്തെ കൊള്ളയടിക്കാനും തകർക്കാനും ഗൂഢശ്രമം കാലങ്ങളിലായി നടന്നു വരുന്നു.
അപൂർവ ഗ്രന്ഥങ്ങളും പുരാവസ്തുക്കളും കൊള്ളയടിച്ചു. ഗുണ്ടാ സംഘങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എല്ലാ ശ്രമങ്ങളും ഇവർ നടത്തുന്നു. മഠാധിപതി സ്വാമി ചിദാനന്ദ ഭാരതിയെ കൊലപ്പെടുത്താനും മുൻപ് ശ്രമം നടന്നുവെന്നും അവർ ആരോപിച്ചു. 40 വർഷമായി ചിലർ ആശ്രമത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ആശ്രമത്തിലേക്കു പുതിയ സന്യാസിമാരും ഭക്തരും കടന്നു വരുന്നതു തടയുകയും ചെയ്തു. ഇതു കാരണം സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങൾ നിർത്തി വയ്ക്കേണ്ടി വന്നു. സംഘർഷം സൃഷ്ടിച്ച് ആശ്രമത്തെ തകർക്കാനും ശ്രമം നടക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച ആശ്രമം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. വേദപഠന ക്ലാസുകൾ ആരംഭിച്ചു. ആശ്രമം നവീകരണവും തുടങ്ങിയിട്ടുണ്ട്.