ചേനങ്കര ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് പതിവ്
Mail This Article
തേവലക്കര∙ ശാസ്താംകോട്ട–ടൈറ്റാനിയം പാതയിൽ ചേനങ്കര ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. രാവിലെയും വൈകിട്ടുമാണ് ഏറെ നേരം ഇവിടെ ഗതാഗതം തടസ്സപ്പെടുന്നത്. വെറ്റമുക്ക്, മൈനാഗപ്പള്ളി – ചേനങ്കര, ചേനങ്കര– കോയിവിള എന്നീ റോഡുകളിലേക്ക് പ്രവേശിക്കുന്നത് ഇവിടെ നിന്നാണ്. ഇതുകാരണം വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന പാതയിലൂടെ അടക്കം നൂറുകണക്കിനു ബസുകളാണ് ദിവസവും സർവീസ് നടത്തുന്നത്. ദീർഘ നേരം ബസുകൾ സ്റ്റോപ്പിൽ നിർത്തുന്നത് കാരണം ഏറെ നേരം ഗതാഗതം തടസ്സപ്പെടുന്നു.
കൊല്ലം, പത്തനംതിട്ട, കരുനാഗപ്പള്ളി, തെക്കുംഭാഗം, ചവറ, മൈനാഗപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ഇതുവഴി കടന്നുപോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഒട്ടേറെ വാഹനങ്ങളും പോകുന്നുണ്ട്. സ്കൂൾ സമയത്താണ് ഏറെ ഗതാഗത തടസ്സം ഉണ്ടാകുന്നത്. പേരിനു പോലും ട്രാഫിക് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിക്കാറില്ല. തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന റോഡാണ്. രാവിലെയും വൈകിട്ടും പൊലീസിനെ നിയോഗിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാണു വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. മനോദൗർബല്യം ഉള്ള ആൾ ഇവിടെ പലപ്പോഴും ട്രാഫിക് നിയന്ത്രിക്കുന്നത് കാണം. യാത്രക്കാരെ റോഡ് മുറിച്ച് കടക്കാനും സഹായിക്കാറുണ്ട്. ഇത് കണ്ടിട്ട് പോലും ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെ ഡ്യൂട്ടിക്ക് ഇടാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് ആരോപണം.