തേവലക്കരയിൽ പുലിക്കൂട് സ്ഥാപിച്ചു
Mail This Article
പത്തനാപുരം∙ പുലിയിറങ്ങിയ തേവലക്കരയിൽ താൽക്കാലികാശ്വാസമായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ട സ്ഥലങ്ങൾ പരിശോധിച്ചാണ് കൂട് സ്ഥാപിച്ചത്. ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിന്റെ ഭാഗമായ വെട്ടി അയ്യം, പൊരുന്തക്കുഴി, തേവലക്കര, തൊണ്ടിയാമൺ ഭാഗങ്ങളിൽ പുലിയ ഇറങ്ങുന്നുവെന്നാണ് സ്ഥിരീകരണം. കുട്ടികളടക്കം മൂന്നിലധികം പുലികൾ ഇവിടെയുണ്ടെന്നാണ് നിഗമനം. പകൽ സമയത്തും പുലിയ കണ്ടതോടെ ഇവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം നടത്തുന്നതിനിടയിലാണ് കൂട് സ്ഥാപിച്ചത്.
വെട്ടി അയ്യം പൊരുന്തക്കുഴി ഭാഗത്തെ ഫാമിങ് കോർപറേഷന്റെ സ്ഥലത്താണ് കൂട് സ്ഥാപിച്ചതെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ഗിരി പറഞ്ഞു. കോർപറേഷന്റെ പറങ്കിമാവിൻ തോട്ടത്തിലാണ് പുലി പതിവായി ഇറങ്ങുന്നത്. ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും താവളം കണ്ടെത്താനായില്ല. ടൗണിനോട് ചേർന്ന നെടുംപറമ്പ് സെന്റ് മേരീസ് നഗർ ഭാഗത്തും പുിയിറങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി.