‘മത്സ്യങ്ങളുടെ മുട്ട നശിക്കും’; 11 വർഷം മുൻപ് കൊല്ലത്തു ജലവിമാനം വന്നപ്പോൾ സമരക്കാർ പറഞ്ഞു
Mail This Article
കൊല്ലം∙ ഇന്ത്യയിൽ ആദ്യമായി കൊല്ലത്ത് ജലവിമാന സർവീസ് തുടങ്ങിയപ്പോൾ ‘മത്സ്യങ്ങളുടെ മുട്ട നശിക്കും’ എന്നു പറഞ്ഞു തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചു സമരം നടത്തിയവർ ഇപ്പോൾ പശ്ചാത്തപിക്കുമോ? 11 വർഷം മുൻപു തടസ്സപ്പെടുത്തിയ ജലവിമാന സർവീസ് ആണ് ഇപ്പോൾ കൊച്ചിയിൽ സർവീസ് തുടങ്ങിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ, 2013 ജൂൺ 2ന് ആണ് രാജ്യത്തെ ആദ്യ ജലവിമാന സർവീസ് അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ചു ഉദ്ഘാടനം ചെയ്തത്. ആശ്രാമം ഇഎസ്ഐ ആശുപത്രിയോടു ചേർന്ന് ഭാരതീയ ഉൾനാടൻ ജലഗതാഗത അതോറിറ്റി ഇതിനായി ടെർമിനൽ നിർമിച്ചു. 3 നില ഓഫിസ് മന്ദിരം, ഗോഡൗൺ, പമ്പ് ഹൗസ്, ടിക്കറ്റ് കൗണ്ടർ, വാട്ടർ ഡ്രോം തുടങ്ങി മുഴുവൻ സൗകര്യങ്ങളും ഒരുക്കിയായിരുന്നു ഉദ്ഘാടനം. പൈലറ്റ് ഉൾപ്പെടെ 6 പേർക്ക് യാത്ര ചെയ്യാവുന്ന, കൈരളി ഏവിയേഷന്റെ സെസ്ന –206 ആംഫിബിയസ് വിമാനം ആയിരുന്നു സർവീസ് തുടങ്ങിയത്.
പദ്ധതിക്ക് എതിരെ ഉദ്ഘാടന ചടങ്ങിൽ തന്നെ സമരം തുടങ്ങി. പറന്നുയർന്ന വിമാനം ഇറങ്ങേണ്ട ആലപ്പുഴ പുന്നമടക്കായലിൽ വള്ളങ്ങൾ നിരത്തിയും വല വരിച്ചും ഇറങ്ങാൻ അനുവദിച്ചില്ല. ഉദ്ഘാടന സർവീസോടെ ജല വിമാനം എന്ന സ്വപ്ന പദ്ധതി തകർന്നു. സിപിഎം ആഭിമുഖ്യത്തിലുള്ള മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ആണ് സമരം നടത്തിയത്. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.വി.ശശീന്ദ്രൻ ആണ് സമരം ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ പുന്നമടയിൽ കോ ഓർഡിനേഷൻ കമ്മിറ്റിയായിരുന്നു സമരത്തിൽ. തടസ്സപ്പെടുത്തൽ മൂലം കേരളത്തിനു നഷ്ടമായത് ടൂറിസം വികസനത്തിന്റെ 11 വർഷം. ചെലവഴിച്ച 14 കോടി രൂപയും പാഴായി.
പരീക്ഷണപ്പറക്കൽ
ഉദ്ഘാടനത്തിന്റെ തലേന്ന് അഷ്ടമുടിക്കായലിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. കൊച്ചിൽ നിന്നെത്തിയ വിമാനം കായലിനു മുകളിൽ വലം വച്ചു പരുന്തിനെ പോലെ കായലിലെ വാട്ടർ ഡ്രോമിലേക്ക് പറന്നിറങ്ങി. ജലോപരിതലത്തിൽ 200 മീറ്ററോളം റൺവേയിലൂടെ നീങ്ങി. കാണാനെത്തിയ ജനക്കൂട്ടം കരഘോഷത്തോടെയാണ് വരവേറ്റത്. മൈക്കിൾ ഫാഫ്രി ആയിരുന്നു പൈലറ്റ്. ഒരു മണിക്കൂറോളം കായലിൽ കിടന്ന വിമാനം പുന്നമടയിലേക്ക് പോയി. അവിടെ നിന്നു വീണ്ടും അഷ്ടമുടിക്കായലിൽ പറന്നിറങ്ങി.
ഉറപ്പു നൽകി, കേട്ടില്ല
മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിക്ക് തടസ്സമുണ്ടാകുന്ന ഒന്നു ം ജലവിമാന പദ്ധതിമൂലം ഉണ്ടാകില്ലെന്നു ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻചാണ്ടി ഉറപ്പു നൽകിയിരുന്നു. മൂന്നു മാസം ജലവിമാനം പരീക്ഷിക്കാം, അതിനു ശേഷം പരാതിയുണ്ടെങ്കിൽ കേൾക്കാമെന്നും ഉമ്മൻചാണ്ടി ഉറപ്പു നൽകിയിരുന്നെങ്കിലും സമരത്തിനു നേതൃത്വം നൽകിയവർ ചെവിക്കൊണ്ടില്ല. സിഐടിയു യൂണിയൻ സർവീസ് തടസ്സപ്പെടുത്തിയെങ്കിലും അന്നു എംഎൽഎ പി.കെ.ഗുരുദാസൻ പദ്ധതിക്ക് പിന്തുണ നൽകിയിരുന്നു.
ഗോഡൗൺ കുറിയർ സർവീസിന്
ഭാരതീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ടെർമിനലിലെ ഗോഡൗൺ ഇപ്പോൾ സ്വകാര്യ കുറിയർ സ്ഥാപനത്തിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. വെയർഹൗസ് കോർപറേഷനാണ് വാടകയ്ക്ക് നൽകിയത്. ഓഫിസിനായി നിർമിച്ച 3 നില കെട്ടിടവും ടിക്കറ്റ് കൗണ്ടറും അടച്ചിട്ടിരിക്കുന്നു. മൂന്നു മാസം മുൻപു വരെ ഒരു ഉദ്യോഗസ്ഥ ഉണ്ടായിരുന്നു. അവർ സ്ഥലംമാറി. വിമാനം ഇറങ്ങുന്നതിനുള്ള വാട്ടർ ഡ്രോം നശിച്ചു.
ചികിത്സയ്ക്കും പ്രയോജനം
വിനോദ സഞ്ചാരത്തിനു മാത്രമല്ല, അടിയന്തര ഘട്ടങ്ങളിൽ രോഗികളെ മറ്റു സ്ഥലങ്ങളിലെ ആശുപത്രികളിൽ എത്തിക്കുന്നതിനും വിമാന സർവീസ് പ്രയോജനപ്പെടുമായിരുന്നു 40 വരെ യാത്രക്കാരെ കയറ്റാവുന്ന വിവിധ തരം വിമാനങ്ങൾ ആയിരുന്നു ലക്ഷ്യമിട്ടത് കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന ആംഫിബിയസ് വിമാനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്.