ഗ്രീൻഫീൽഡ് ഹൈവേ : വിശാല പാതയെന്ന് അധികൃതർ, കുപ്പിക്കഴുത്തെന്ന് നാട്ടുകാർ !
Mail This Article
അഞ്ചൽ ∙ മധുര–കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയുടെ പണികൾ തുടങ്ങാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ശ്രമം നടത്തുന്നു എങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പിന്നാലെ കൂടുമെന്നു സൂചന. 45 മീറ്റർ വീതിയുള്ള നാലുവരി പാതയാണു ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ടുകോണത്തു നിന്നു ഇടമൺ വരെ 45 മീറ്റർ വീതി സാധ്യമാണ്. എന്നാൽ പരിസ്ഥിതി ലോല പ്രദേശമായ ഇടമൺ മുതൽ ആര്യങ്കാവ് കോട്ടവാസൽ വരെ ഇത് എങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. സ്ഥലപരിമിതി മൂലം ഇവിടെ പുതിയ പാത സാധ്യമല്ല. പകരം നിലവിലുള്ള കൊല്ലം–ചെങ്കോട്ട റോഡ് ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമാക്കാനാണു തീരുമാനം.
സ്ഥലക്കുറവ് കാരണം ഈ പ്രദേശത്തു വീതി 30 മീറ്ററാക്കി നിജപ്പെടുത്താനാണു നീക്കം. ഇതും എളുപ്പമാകില്ലെന്നാണു സൂചന. 13 കണ്ണറ, എംഎസ്എൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ കഷ്ടിച്ചു 10 മീറ്ററാണു വീതി. ഒരു ഭാഗത്തു നദിയും മറുഭാഗത്ത് റെയിൽവേ ലൈനും റോഡ് വികസനത്തിനു തടസ്സമാണ്. ആര്യങ്കാവിലെ പ്രസിദ്ധമായ ’എസ്’ വളവ് ഉൾപ്പെടുന്ന സ്ഥലവും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു.
കൂറ്റൻ ചരക്കു വാഹനങ്ങളുടെ നീക്കം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പാതയുടെ 40 കിലോമീറ്ററോളം വിശാലവും ഏകദേശം 19 കിലോമീറ്റർ ദൂരം ’കുപ്പിക്കഴുത്തു ’ പോലെയും ആയാലുള്ള ദുരവസ്ഥ നാഷനൽ ഹൈവേ അതോറിറ്റി മനസ്സിലാക്കണമെന്നും ആവശ്യം ഉയരുന്നു. ഉത്തരേന്ത്യയിലെ സ്വകാര്യ ഏജൻസി ഉപഗ്രഹങ്ങളുടെ സഹായത്തോടെ തയാറാക്കിയ അലൈൻമെന്റിൽ കാര്യമായ മാറ്റം വന്നില്ലെങ്കിൽ ഈ ഹൈവേയുടെ നേട്ടങ്ങൾ കുറയാൻ സാധ്യത ഏറെയാണ്.
സാമൂഹിക ആഘാതപഠനം നടത്തിയില്ലെന്നും ആക്ഷേപം
വൻകിട പദ്ധതികൾ നടപ്പാക്കുന്നതിനു മുൻപു പൂർത്തിയാക്കേണ്ട സാമൂഹിക ആഘാത പഠനം ആയിരനെല്ലൂർ വില്ലേജിൽ നടത്തിയില്ലെന്നു നാട്ടുകാർ. ഗ്രീൻഫീൽഡ് ഹൈവേയുടെ 3 എ വിജ്ഞാപനം വരുന്നതിനു മുൻപ് പഠനം നടത്തണമെന്നാണു ചട്ടം . എന്നാൽ ഇതു പാലിക്കാതെയാണു ആയിരനെല്ലൂർ, വിളക്കുപാറ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്കു കടന്നത്.
എൻഎച്ച്എഐയുടെ ഈ നടപടികൾ പൂർണമായി അസ്ഥിരപ്പെടുത്താൻ സേവ് വിളക്കുപാറ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇവിടെ അലൈൻമെന്റ് മാറ്റം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേസമയം ചടയമംഗലം പ്രദേശത്ത് സാമൂഹിക ആഘാത പഠനം നടത്തുകയും ചെയ്തു. ജടായു പാറ ഉൾപ്പെടെയുള്ള ടൂറിസം പ്രദേശത്തിനു സമീപത്താണ് ഹൈവേയുടെ സ്ഥാനം .