പൊടിപ്പ് മില്ലിൽ കുടുങ്ങി ജീവനക്കാരിക്കു ദാരുണാന്ത്യം
Mail This Article
ശാസ്താംകോട്ട ∙ പൊടിപ്പു മില്ലിൽ (യന്ത്രം) സാരി കുടുങ്ങി ജീവനക്കാരിക്കു ദാരുണാന്ത്യം. കുന്നത്തൂർ പടിഞ്ഞാറ്‌വിളയിൽ വീട്ടിൽ രമാദേവി (56) ആണു മരിച്ചത്. കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ മില്ലിൽ (സ്ഥാപനം) രാവിലെ 11.30നാണു സംഭവം നടക്കുന്നത്. സംഭവസമയത്ത് അടുത്ത് മറ്റാരുമുണ്ടായിരുന്നില്ല.
മില്ലുടമ ഉച്ചഭക്ഷണം എടുക്കാനായി കടമ്പനാട്ടെ വീട്ടിലേക്കു പോയിരുന്നു. മില്ലിൽ എത്തിയ ആളാണു സംഭവം മറ്റുള്ളവരെ അറിയിച്ചത്. സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളി എത്തി മെയിൻ സ്വിച്ച് ഓഫാക്കി യന്ത്രം നിർത്തിയ ശേഷമാണു രമാദേവിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സാമ്പത്തിക പ്രയാസം നേരിടുന്ന രമാദേവി ഒരു മാസം മുൻപാണു മില്ലിൽ ജോലിക്കെത്തിയത്. പൊടിപ്പു മില്ലുകളിൽ പ്രവർത്തിച്ചു മുൻപരിചയമുള്ള ആളാണു രമാദേവിയെന്നു മില്ലുടമ പറഞ്ഞു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2നു നടക്കും. നിർമാണതൊഴിലാളിയായ പങ്കജാക്ഷൻ നായരാണു ഭർത്താവ്. മക്കൾ മണിലാൽ, ധന്യ.
ജോലി തുടരാം, അതീവ ശ്രദ്ധയോടെ...
മില്ലിലെ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അഗ്നിരക്ഷാസേന വിശദീകരിക്കുന്നു – അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുത്. മെഷീനിന് അകത്തേക്കു വലിക്കുന്ന കാറ്റ് ഇത്തരം സാഹചര്യങ്ങളിൽ അപകടസാധ്യത ഉയർത്തും.സാരി അടക്കമുള്ള വസ്ത്രങ്ങൾക്കു മുകളിൽ ഏപ്രൺ നിർബന്ധമായും ധരിച്ചിരിക്കണം. ഷാൾ പോലുള്ള വസ്ത്രങ്ങളും കറങ്ങിക്കൊണ്ടിരിക്കുന്ന യന്ത്രത്തിൽ കുടുങ്ങാൻ സാധ്യത കൂടുതലാണെന്നു മനസ്സിലാക്കി മുൻകരുതൽ എടുക്കണം.
മുടി അഴിച്ചിട്ട നിലയിൽ മെഷീനുകൾ പ്രവർത്തിപ്പിക്കരുത്. നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചും നനഞ്ഞ പ്രതലത്തിൽ നിന്നും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതു ഷോക്ക് ഏൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഒറ്റയ്ക്കുള്ളപ്പോൾ ഇത്തരം മെഷീനുകൾ പ്രവർത്തിപ്പിക്കാതെ പരമാവധി നോക്കണം. അടിയന്തര സാഹചര്യത്തിൽ സഹായത്തിന് ആളുണ്ടാകണം.