ഡിസംബർ അവസാനത്തോടെ താലൂക്ക് ആശുപത്രി നിർമാണം പൂർത്തിയാകും: പി.സി.വിഷ്ണുനാഥ്
Mail This Article
കുണ്ടറ∙ നിർമാണത്തിലിരിക്കുന്ന കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിടം ഡിസംബർ അവസാനത്തോടെ ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി.സി.വിഷ്ണുനാഥ് എംഎൽഎ. പുതിയ കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് സ്ഥലം സന്ദർശിക്കുകയായിരുന്നു എംഎൽഎ. മൂന്നാം നിലയിലെ ഓപ്പറേഷൻ തിയറ്ററുകളുടെ നിർമാണച്ചുമതല കേരള മെഡിക്കൽ ബോർഡ് കോർപറേഷനിൽ നിന്ന് കെഎസ്ഇബിക്ക് കൈമാറി. അനുബന്ധ ഉപകരണങ്ങൾ കെഎംസിഎസ്എൽ ആണ് എത്തിക്കേണ്ടത്. ആശുപത്രി വികസിക്കുന്നതിനു ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം.
മന്ത്രി വീണ ജോർജ് ആശുപത്രി സന്ദർശിച്ചപ്പോൾ ജീവനക്കാരുടെ എണ്ണത്തെ പറ്റി ആശുപത്രി ഉദ്യോഗസ്ഥർ നിർദേശം സമർപ്പിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎൽഎ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജി. ബാബുലാൽ, പിആർഒ ഗിരീഷ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർപഴ്സൻ ഇജീന്ദ്രലേഖ, പേരയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, കുരീപ്പള്ളി സലീം, കെ.ബാബുരാജൻ, ജി.വിനോദ്കുമാർ, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. അനിൽ, സബ് എൻജിനീയർ എസ്. ഗീത, പ്രോജക്ട് എൻജിനീയർ ആർദ്ര രാജ്, സൈറ്റ് എൻജിനീയർ സുനിൽ കുമാർ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.