അധികൃതരോട് പറഞ്ഞുമടുത്തു, ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും ഒന്നിച്ചിറങ്ങി; ക്ഷേത്രക്കുളം വെടിപ്പായി
Mail This Article
പത്തനാപുരം∙ കാടു കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരുന്ന ക്ഷേത്രക്കുളവും പരിസരവും നവീകരിക്കുന്നതിന്റെ അവസാന ഘട്ട പ്രവർത്തനങ്ങളിലാണ് പട്ടാഴി ദേവീ ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും. നാട്ടുകാർ. പല തവണ ദേവസ്വം ബോർഡിനോടും ജനപ്രതിനിധികളോടും പഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെയാണ് നാട്ടുകാർ മുന്നിട്ടിറങ്ങിയത്. കുളം നവീകരണത്തിനായി അധികൃതർ നേരത്തേ തയാറാക്കിയ കണക്കു പ്രകാരം 10 ലക്ഷം രൂപയ്ക്ക് മുകളിൽ വേണമായിരുന്നു. രണ്ടര ലക്ഷം രൂപയ്ക്കു നാട്ടുകാർ നവീകരിക്കുന്നത്. 10 ദിവസത്തിനകം പൂർണമായും നവീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
നിലവിൽ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പ്രവൃത്തികൾ നടന്നതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. കുളത്തിനു ചുറ്റുമുള്ള കാട് നശിപ്പിക്കുകയും കുളത്തിനുള്ളിലെ മാലിന്യം നീക്കുകയും ചെയ്തു. കുളത്തിലേക്ക് ഇറങ്ങുന്ന പടവുകൾ, ക്ഷേത്രത്തിൽ നിന്നും കുളത്തിലേക്കെത്തുന്ന ഭാഗത്തെ പാലം, പാലത്തിനു ചുറ്റുമുള്ള കൽക്കെട്ടിന്റെയും മതിലിന്റെയും അറ്റകുറ്റപ്പണികൾ എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. കുളത്തിനുള്ളിലും പുറത്തുമായി പെയിന്റിങ് ജോലികളും നടന്നുവരുന്നു. നവീകരണം പൂർത്തിയാക്കിയ ശേഷം കുളത്തിനു ചുറ്റും പൂന്തോട്ടം സ്ഥാപിച്ച് മനോഹരമാക്കാനാണു ലക്ഷ്യമിടുന്നത്. കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും പദ്ധതിയുണ്ട്. രണ്ടേക്കർ സ്ഥലത്താണ് കുളം. വെളിച്ച സംവിധാനവും ഒരുക്കും.