അങ്കണവാടിയുടെ മേൽക്കൂര അടർന്നുവീണു; രണ്ടു കുട്ടികളുടെ തലയ്ക്കു പരുക്ക്
Mail This Article
പുത്തൂർ ∙ അങ്കണവാടിയിലെ കോൺക്രീറ്റ് മേൽക്കൂരയിൽ നിന്നു സിമന്റ് പാളി അടർന്നുവീണു രണ്ടു കുട്ടികളുടെ തലയ്ക്കു പരുക്കേറ്റു. പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് കന്നുംമുക്ക് 88-ാം നമ്പർ അങ്കണവാടിയിലാണു കഴിഞ്ഞ ദിവസം ഉച്ചയോടെ അപ്രതീക്ഷിതമായ അപകടം ഉണ്ടായത്. മൂന്നും മൂന്നരയും വയസ്സു പ്രായമുള്ള രണ്ടു കുട്ടികൾക്കാണു മുറിവേറ്റത്. പ്രധാനമുറിയിലേക്കു കയറുന്ന വാതിലിനോടു ചേർന്ന ഭാഗത്താണു സിമന്റ് പാളി അടർന്നു വീണത്. ആറടിയോളം നീളത്തിലും നാലടിയിലേറെ വീതിയിലും അടർന്നു പോയ സിമന്റ് പാളി മേശയിൽ വീണു ചിതറിയ ശേഷം കുട്ടികളുടെ മേലേക്കു പതിക്കുകയായിരുന്നു.
വാതിലിനോടു ചേർന്ന ഭാഗത്ത് അങ്കണവാടി അധ്യാപിക രാജത്തിന് ഒപ്പം ഇരിക്കുകയായിരുന്ന ഒരു കുട്ടിക്കാണു ഇടതു നെറ്റിയുടെ പിൻഭാഗത്തായി മുറിവേറ്റത്. തലയിൽ ആറു തുന്നലിടേണ്ടി വന്നു. മറ്റു കുട്ടികൾ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതിലൊരാളാണു പരുക്കേറ്റ മറ്റൊരു കുട്ടി. മറ്റു ചില കുട്ടികളുടെ മേലേക്കും സിമന്റ് കഷണങ്ങൾ വീണെങ്കിലും ആർക്കും പരുക്കേറ്റില്ല. വർക്കർ സി.ബി.രാജവും ഹെൽപർ വത്സലകുമാരിയും ചേർന്നു പെട്ടെന്നു കുട്ടികളെയെല്ലാം പുറത്തെത്തിച്ചു. വിവരമറിഞ്ഞു രക്ഷിതാക്കളും പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന്റെയും വാർഡംഗം സ്മിതയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സാച്ചെലവ് പഞ്ചായത്താണു വഹിച്ചത്. 10 വർഷം മുൻപ് നവീകരിച്ച അങ്കണവാടിയാണിത്. പിന്നീട് അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. അങ്കണവാടി സുരക്ഷിതമായി നവീകരിക്കുന്നതു വരെ കന്നുംമുക്കിലെ രണ്ടുമുറി കട വാടകയ്ക്കെടുത്തു പ്രവർത്തനം മാറ്റാൻ തീരുമാനിച്ചതായി വാർഡംഗം പറഞ്ഞു. അടുത്ത ദിവസം മുതൽ അങ്കണവാടി ഇവിടെ പ്രവർത്തിച്ചു തുടങ്ങും. വനിത, ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫിസർ നിഷ നായർ, സൂപ്പർവൈസർ ബേനസീർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.