ADVERTISEMENT

കൊട്ടാരക്കര∙ മരത്തിന്റെ ശിഖരം മുറിച്ച് വീട്ടുപറമ്പിൽ ഇട്ടെന്ന് ആരോപിച്ച് പിന്നാക്കക്കാരനായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്തിയ റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ പിതാവിനും മകനും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും വിധിച്ച് കൊട്ടാരക്കര പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ഉത്തരവായി. കുന്നിക്കോട് പച്ചില വളവ് കടുവാൻകോട് വീട്ടിൽ അനിൽകുമാറിനെ (35) കൊലപ്പെടുത്തിയ കേസിൽ സമീപവാസി ആൽഫി ഭവനിൽ സലാഹുദീനും (63) മകൻ ദമീജിനും(28) എതിരെയാണ് വിധി. 

2022 സെപ്റ്റംബർ 17ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. അനിൽകുമാർ സ്വന്തം വീട്ടുപുരയിടത്തിലെ തേക്കുമരത്തിന്റെ ശിഖരം മുറിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൂലിപ്പണിക്കാരനായ അനിൽകുമാർ കിടപ്പുരോഗിയായ പിതാവിനും വയോധികയായ അമ്മ ലക്ഷ്മിക്കും ഒപ്പമായിരുന്നു താമസം. പുലർച്ചെ 2 മണിയോടെ വീട്ടിൽ അതിക്രമിച്ചെത്തിയ സലാഹുദീനും‍ ദമീജും കൂടി അനിൽകുമാറിന്റെ വീടിന്റെ കതകിൽ മുട്ടി. കതക് തുറന്ന അനിൽകുമാറിനെ ദമീജ് വെട്ടുകത്തി കൊണ്ട് പല തവണ വെട്ടുകയും പിതാവ് സലാഹുദീൻ കട്ടിയേറിയ സ്ക്വയർ പൈപ്പ് കൊണ്ട് അടിക്കുകയും ചെയ്തു.

അനിൽകുമാര്‍
അനിൽകുമാര്‍

അനിൽകുമാർ ആശുപത്രിയിലെത്തും മുൻപ് മരിച്ചു. ശരീരത്തിൽ 47 പരുക്കുകൾ ഉണ്ടായിരുന്നു. തലയ്ക്കും ശരീരത്തിലും ആഴമേറിയ മുറിവുകളാണ് ഉണ്ടായത്. സംഭവ ശേഷം കടന്നുകളഞ്ഞ പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 90 ദിവസത്തിനകം കുറ്റപത്രം നൽകിയ കേസിൽ ഇരുവർക്കും ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. ക്രൂരമായ കൊലപാതകം എന്ന് വിലയിരുത്തിയ കോടതി 302, 449, 34 വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. മകനെ വെട്ടിക്കൊലപ്പെടുത്തിയത് നേരിട്ടു കണ്ട അമ്മയായിരുന്നു കേസിലെ ദൃക്സാക്ഷി. 24 സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.എസ്.സന്തോഷ്കുമാർ ഹാജരായി. പിഴത്തുക അനിൽകുമാറിന്റെ അമ്മയ്ക്കു നൽകാനാണ് കോടതി ഉത്തരവ്.

English Summary:

In a chilling act of violence, a Dalit man in Kottarakkara, Kerala, was brutally murdered by a retired government employee and his son. The heinous crime, sparked by a trivial dispute over a tree branch, has sent shockwaves through the community. The court sentenced the perpetrators to life imprisonment under the Atrocities Act, delivering justice to the victim's family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com