ADVERTISEMENT

കൊല്ലം∙ വൃശ്ചിക കാറ്റിനൊപ്പം ഇനി ശരണം വിളികളിൽ രാപകലുകൾ നിറയും. ഒരു മണ്ഡലകാലത്തിനു കൂടി നാളെ തുടക്കമാകുമ്പോൾ അയ്യപ്പഭക്തരെ വരവേൽക്കാൻ ഇടത്താവളങ്ങൾ ഒരുങ്ങി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ 12 വിളക്ക് ഉത്സവം നാളെ തുടങ്ങും. ജില്ലയിലെ ക്ഷേത്രങ്ങളെല്ലാം 41 ദിവസം നീളുന്ന മണ്ഡലച്ചിറപ്പ് ഉത്സവത്തിനു സജ്ജം.ശാസ്താംപാട്ടും ഭജനയും മറ്റു കലാപരിപാടികളും അരങ്ങുകളും സജീവമാക്കും. കന്നിയയ്യപ്പന്മാർ മല ചവിട്ടുന്നതിന്റെ ഭാഗമായി കഞ്ഞിസദ്യ നടക്കും. കാർഷിക വിഭവങ്ങളുടെ പുഴുക്ക് തയാറാക്കി, ക്ഷേത്രങ്ങളിലും വീടുകളിലും വിളക്ക് തെളിക്കുന്ന തൃക്കാർത്തിക  ഉത്സവവും മണ്ഡലകാലത്താണ്. വിളക്കു തെളിച്ചു വലിയ കാർഷിക പ്രദർശനം നടത്തിയുമാണ് മണ്ഡലച്ചിറപ്പ് ഉത്സവത്തിന് സമാപനം. 

വിപണിയിലും ഉണർവ്
ഭക്തി നിറയുന്നതിനൊപ്പം മണ്ഡലകാലം വിപണിയെയും സജീവമാക്കും. പൂജാദ്രവ്യങ്ങളുടെ വിൽപന മുതൽ മുതൽ ടാക്സി സർവീസുകൾക്കു വരെ ഉണർവിന്റെ കാലമാണ്. വസ്ത്രശാലകളിൽ കൈലിമുണ്ട്, തോർത്ത്, തോൾസഞ്ചി എന്നിവയ്ക്കായി പ്രത്യേക കൗണ്ടർ തുടങ്ങി. ഇടത്താവളങ്ങളിലും പരിസരങ്ങളിലും ഭക്ഷണശാലകൾ തിരക്കിലാകും. ഇന്ധന വിൽപന ഉയരും. ഉത്സവകാലത്തിന് തുടക്കമാകുന്നതിനാൽ കലാസമിതികൾക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ് മണ്ഡല കാലം.

ഒരുങ്ങി കെഎസ്ആർടിസി; ഇടത്താവളങ്ങൾ സജ്ജം
കൊല്ലം ∙ ശബരിമല സന്നിധാനത്തിലേക്കുള്ള യാത്രയിൽ അയ്യപ്പന്മാരെ വരവേൽക്കുന്നതിന് ഇടത്താവളങ്ങൾ ഒരുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തർക്കായി കെഎസ്ആർ‌ടിസി പ്രത്യേക സർവീസ് നടത്തും. ചിലയിടങ്ങളിൽ ഇന്ന് സർവീസ് തുടങ്ങും. കൂടാതെ, ചില ഡിപ്പോകളിൽ നിന്ന് ഭക്തർക്കായി പ്രത്യേക ചാർട്ടേഡ് സർവീസ് നടത്തും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് സേനയും കർമനിരതരാകും. കൊല്ലം ഡിപ്പോയിൽ ദിവസവും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് ഉണ്ടാകില്ല. അവധി ദിവസങ്ങളിൽ അയ്യപ്പഭക്തരുടെ തിരക്കുണ്ടെങ്കിൽ സർവീസ് നടത്തുന്നത് ആലോചിക്കും. 

⏩കെഎസ്ആർടിസി ചാത്തന്നൂർ ഡിപ്പോയിൽ നിന്നും പമ്പയ്ക്കു സ്പെഷൽ ബസ് സർവീസ് നടത്തും. 16നു വൈകിട്ട് ആറിന് ചാത്തന്നൂർ ഡിപ്പോയിൽ നിന്നുള്ള ബസ് പരവൂർ പൊഴിക്കര ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും പമ്പ സർവീസ് ആരംഭിക്കും. പരിസര പ്രദേശങ്ങളിലെ പ്രധാന ക്ഷേത്രങ്ങൾ വഴി കൊട്ടിയം, കുണ്ടറ, കൊട്ടാരക്കര, പത്തനംതിട്ട വഴി പമ്പയിൽ എത്തും. അടുത്ത ദിവസം പകൽ പത്തിനു ചാത്തന്നൂരിലേക്കു മടങ്ങും. 
⏩പത്തനാപുരം ഡിപ്പോയിലെ ഒരു ബസാണ് പമ്പയ്ക്ക് സർവീസ് നടത്തുന്നത്. ആദ്യ ദിവസം പുനലൂരിൽ നിന്നു പമ്പയ്ക്ക് സർവീസ് നടത്തുന്ന ഈ ബസ്, തിരികെ പമ്പയിൽ നിന്നും തെങ്കാശിയിലേക്കും, പിന്നീട് തെങ്കാശി–പമ്പ സർവീസും നടത്താനാണ് തീരുമാനം. മേഖലയിലെ കുമരംകുടി, പട്ടാഴി, കൂടൽ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു അയ്യപ്പഭക്തരുടെ സൗകര്യാർഥം പമ്പയ്ക്ക് സർവീസ് തുടങ്ങുന്നതിന് തീരുമാനമായില്ല. രാത്രി 8ന് പമ്പയ്ക്ക് ബസ് സർവീസ് നടത്തുന്നതിന് അനുവാദം തേടിയെങ്കിലും അനുമതി ലഭിച്ചില്ല. ചടയമംഗലത്ത് നിന്നു പമ്പയ്ക്ക് ബസ് സർവീസ് തുടങ്ങിയില്ലെങ്കിൽ ജില്ലയുടെ കിഴക്കൻ മേഖലയിലെ അയ്യപ്പഭക്തർ കെട്ടാരക്കര ഡിപ്പോയിൽ എത്തി സഞ്ചരിക്കേണ്ടി വരും. 

⏩കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നും 40 പേർ തികയുന്ന മുറയ്ക്ക് പമ്പയിലേക്ക് സ്പെഷൽ സർവീസ് നടത്തും. 40 പേർ അടങ്ങുന്ന തീർഥാടകർ മുൻകൂട്ടി ബുക്ക് ചെയ്താൽ ബസുകൾ കെട്ടുനിറ നടത്തുന്ന സ്ഥലത്തെത്തും. ഡിപ്പോയിലെ 2 ബസുകൾ പമ്പ സ്പെഷൽ സർവീസ് നടത്താനായി കൊട്ടാരക്കര ഡിപ്പോയിലേക്കു മാറ്റിയിട്ടുണ്ട്. ആര്യങ്കാവ് ഡിപ്പോയിൽ നിന്നു സ്പെഷൽ സർവീസ് നടത്താൻ 2 ബസുകൾ അനുവദിച്ചിട്ടുണ്ട്. തീർഥാടകർ തികയുന്ന മുറയ്ക്ക് പമ്പയിലേക്കു സർവീസ് ഒ‌ാപ്പറേറ്റ് ചെയ്യും. 
⏩കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ഇന്നു മുതൽ പമ്പയിലേക്കു ബസ് സർവീസുകൾ ആരംഭിക്കും. ദിവസവും രാത്രി 7.30ന് പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിൽ നിന്നു ഓച്ചിറ വഴിയാണ് പമ്പ സർവീസ്. നിരക്ക് – 229 രൂപ. കരുനാഗപ്പള്ളിയിൽ നിന്നു ശാസ്താംകോട്ട വഴി പമ്പയ്ക്കുള്ള സർവീസും നാളെ മുതൽ ആരംഭിക്കും. വൈകിട്ട് 6.30ന് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നു പുറപ്പെട്ട് 7 ന് ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിൽ എത്തി പമ്പയ്ക്കു പോകും. നിരക്ക് 208 രൂപ. ഈ രണ്ട് സർവീസുകളിലും ഓൺലൈൻ റിസർവേഷൻ സൗകര്യവും ഉണ്ട്. പമ്പ സ്പെഷൽ ചാർട്ടേഡ് സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഒരു ചാർട്ടേർഡ് സർവീസിന് കുറഞ്ഞത് 40 യാത്രക്കാരാണ് ആവശ്യം. 

⏩കൊട്ടാരക്കരയിൽ നിന്നു പമ്പയിലേക്ക് അനുവദിച്ച ‍20 ബസുകളിലേക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. തീർഥാടകരുടെ തിരക്ക് ഉണ്ടായാൽ കൂടുതൽ സർവീസ് നടത്താനും നിർദേശമുണ്ട്. 3 ബസുകൾ കൊട്ടാരക്കരയിൽ നിന്നും ബാക്കി ബസുകൾ മറ്റ് ഡിപ്പോകളിൽ നിന്നും എത്തിച്ച് സർവീസ് നടത്താനാണ് നിർദേശം. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത്‍ നിന്നും പമ്പയിലേക്ക് രാവിലെ സർവീസ് നടത്താനും തീരുമാനം ഉണ്ട്. മണ്ഡല- മകര കാലത്ത് ബസ് സ്റ്റാൻഡിലും തീർഥാടകർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തും. തീർഥാടകർക്ക് വിരി വയ്ക്കാനും സൗകര്യം ഉണ്ടാകും.
⏩ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പമ്പയിലേക്കു കെഎസ്ആർടിസി ബസ് സർവീസ് നാളെ രാവിലെ 7നു സർവീസ് പുറപ്പെടും. പ്രദേശവാസികൾ ശബരിമലയിലേക്കു പോകാൻ മറ്റു ഡിപ്പോകളെയാണ് ആശ്രയിച്ചിരുന്നത്. 
⏩പുനലൂർ ഡിപ്പോയിൽ നിന്ന് ആകെ 10 ബസുകളാണ് പമ്പയ്ക്ക് അനുവദിച്ചിരിക്കുന്നത്. രാവിലെ 6നും രാത്രി 8 നും പതിവായി സർവീസ് നടത്തും. ഒപ്പം ബാക്കി എട്ടു ബസുകൾ അയ്യപ്പന്മാർ എത്തുന്ന മുറയ്ക്ക് പമ്പയ്ക്ക് സർവീസ് അയയ്ക്കും. ട്രെയിനുകളിൽ എത്തുന്ന ഭക്തരുടെ സൗകര്യാർഥം പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു സർവീസ് ഉണ്ടാകും. തെങ്കാശി പുതിയ ബസ് സ്റ്റാൻഡിൽ നിന്നു പുനലൂർ വഴി പമ്പയ്ക്കും തിരികെ പമ്പയിൽ നിന്നും പുനലൂർ വഴി തെങ്കാശിക്കും കൂടുതൽ സർവീസുകൾ നടത്തും. ഓച്ചിറയിൽ നിന്നു പമ്പയിലേക്ക് നിന്നു പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടയ്ക്കു വയ്ക്കുന്നതിനുള്ള 
ആൾരൂപങ്ങൾ ഒരുക്കുന്നവർ. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. നാളെയാണ് വൃശ്ചികോത്സവം ആരംഭിക്കുക.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടയ്ക്കു വയ്ക്കുന്നതിനുള്ള ആൾരൂപങ്ങൾ ഒരുക്കുന്നവർ. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. നാളെയാണ് വൃശ്ചികോത്സവം ആരംഭിക്കുക.

ഓച്ചിറ വൃശ്ചികോത്സവം നാളെ മുതൽ
ഓച്ചിറ∙ പരബ്രഹ്മ ഭൂമിയിലെ വൃശ്ചികോത്സവത്തിനു നാളെ തുടക്കം കുറിക്കും. 27ന് പടനിലത്ത് ആൽത്തറകളിലെ കൽവിളക്കിൽ തെളിയ്ക്കുന്ന പന്ത്രണ്ട് വിളക്ക് ഭക്തർ ദർശിക്കുന്നതോടെ വൃശ്ചികോത്സവം സമാപിക്കും. മകരവിളക്ക് വരെ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമായി പരബ്രഹ്മഭൂമി മാറും. നാളെ പുലർച്ചെ ക്ഷേത്രക്കുളത്തിലെ സ്നാനത്തിനു ശേഷം ഭക്തർ പടനിലത്തെ ആൽത്തറയിലെ കൽവിളക്കിൽ നിന്നു ദീപം കുടിലിലെ വിളക്കിലേക്കു പകരുന്നതോടെ ഭജനം ആരംഭിക്കും. വൃശ്ചികോത്സവത്തോട് അനുബന്ധിച്ചുള്ള ഹിന്ദുമത കൺവൻഷൻ ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. 11 ദിവസം വിവിധ സമ്മേളനങ്ങൾ നടക്കും. 27ന് സമാപന സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. പടനിലത്ത് വാണിജ്യ വ്യവസായ വിജ്ഞാന വിനോദ മേളകളും നടക്കും.

സഹായസന്നദ്ധരായി പൊലീസ്
തീർഥാടനകാലത്ത് ഇടത്താവളങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പൊലീസ് സുരക്ഷ വർധിപ്പിക്കാൻ കൊല്ലം റൂറൽ പൊലീസ് നടപടിയായി. ആര്യങ്കാവ് അതിർത്തിയിലെ 24 മണിക്കൂർ പരിശോധന ശക്തമാക്കും. 50 താൽക്കാലിക സ്പെഷൽ ഉദ്യോഗസ്ഥരെക്കൂടി നിയമിച്ചു. കൂടാതെ പരമാവധി പൊലീസുകാരെ നിരത്തുകളിൽ വിന്യസിക്കും.ജില്ലയിലെ ഇടത്താവളങ്ങളായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, അച്ചൻകോവിൽ, കുളത്തൂപ്പുഴ, തെന്മല, പുനലൂർ എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.

തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രദേശത്തെ സംഘാടകരോട് അഭ്യർഥിച്ചിട്ടുണ്ട്. പൊലീസിന്റെ മൊബൈൽ പട്രോളിങ് ശക്തമാക്കും. ആശുപത്രിയിൽ ഹെൽപ് ഡെസ്ക് പുനലൂർ താലൂക്ക് ആശുപത്രിയിൽ ശബരിമല തീർഥാടകർക്കായി പ്രത്യേക ഹെൽപ് ഡെസ്ക് ആരംഭിച്ചു. കൂടുതൽ ചികിത്സാ സൗകര്യത്തിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

ശരണവഴിയിലെ മൂന്ന് ഏടുകൾ
ശരണം വിളികളാൽ മുഖരിതമാകുന്ന ഒരു മണ്ഡലകാലത്തിനു കൂടി നാളെ തുടക്കം. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിലേതു മനുഷ്യന്റെ ജീവിത കാലഘട്ടങ്ങളിലൂടെയുള്ള വിവിധ ഭാവങ്ങൾ. കുളത്തൂപ്പുഴയിൽ ബാലകനും ആര്യങ്കാവിലേത് കുമാരനായ അയ്യനും അച്ചൻകോവിലേത് ഗൃഹസ്ഥാശ്രമിയായ ഭാര്യമാരായ പൂർണ പുഷ്കല സമേതനായ അരശനും ആണെന്നും വിശ്വാസം. ശബരിമലയിൽ യോഗിയായ ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പനെന്നും ഐതിഹ്യം.  ശബരിമലയുമായി ബന്ധപ്പെട്ട കിഴക്കൻ മേഖലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 3 ശാസ്താ ക്ഷേത്രങ്ങളിലുടെ ഒരു സഞ്ചാരം. 

ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രം.
ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രം.

ആര്യങ്കാവ്  ശ്രീധർമശാസ്താ ക്ഷേത്രം
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്ന ദേവൻ അയ്യൻ എന്നാണു വിശ്വാസം. കേരള തമിഴ് ആചാരങ്ങൾ ഒരുമിക്കുന്ന ഉത്സവമുള്ള ക്ഷേത്രം. ദേവനും മാമ്പഴത്തറ ദേവിക്കും കല്യാണത്തിനുള്ള നിശ്ചയം (പാണ്ഡ്യൻമുടിപ്പ്), കല്യാണദിനമായ തൃക്കല്യാണം എന്നിവയാണു മണ്ഡല ഉത്സവ സമാപനകാലത്തെ ചടങ്ങുകൾ. നവരാത്രി ഉത്സവത്തിനും തൃക്കല്യാണദിനത്തിലും മാത്രമേ ആര്യങ്കാവിലെ ദേവി ക്ഷേത്രം തുറക്കുകയുള്ളൂ.

മാമ്പഴത്തറ ദേവി ചൈതന്യം അന്ന് ആര്യങ്കാവിലെ ദേവി ക്ഷേത്രത്തിലെന്നാണു വിശ്വാസം. തൃക്കല്യാണ ദിനത്തിൽ ചടങ്ങുകൾക്കിടെ ദേവി രജസ്വലയാകുന്നതായ ചുവന്ന പട്ട് ഉയർത്തുന്നതോടെ തൃക്കല്യാണം മുടങ്ങി ചടങ്ങുകൾ അവസാനിപ്പിക്കും. കറുപ്പസ്വാമി, നാഗർകാവ്, ഗണപതി, ഇണ്ടളയപ്പൻ (ശിവൻ) എന്നിവയാണ് ഉപദേവതകൾ. തിരുമംഗലം ദേശീയപാതയോരത്തു താഴ്ചയിലാണു ക്ഷേത്രം. അതിർത്തിയായ കോട്ടവാസലിൽ കാവൽ ദേവനായി കറുപ്പസ്വാമി കോവിലുമുണ്ട്. 

കുളത്തൂപ്പുഴ ബാലക ശ്രീധർമശാസ്താ ക്ഷേത്രം.
കുളത്തൂപ്പുഴ ബാലക ശ്രീധർമശാസ്താ ക്ഷേത്രം.

കുളത്തൂപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രം
പരശുരാമൻ പ്രതിഷ്ഠിച്ച 5 ശാസ്താ ക്ഷേത്രത്തിൽ ആദ്യത്തേതാണു ബാലക ഭാവത്തിലുള്ള കുളത്തൂപ്പുഴ ശ്രീധർമ ശാസ്താ ക്ഷേത്രം. തിരുവനന്തപുരം ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ അമ്പലക്കടവ് കവലയിൽ നിന്നും പാലം കടന്നാൽ ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിനു സമീപത്തെ കല്ലടയാർ കടവിലെ തിരുമക്കൾ എന്ന മത്സ്യങ്ങൾ ബാലകനായ ഭഗവാന്റെ തോഴാരാണെന്നു വിശ്വാസം. ത്വക് രോഗശാന്തി ലഭിക്കുമെന്നു വിശ്വസിക്കുന്ന മീനൂട്ടാണ് വഴിപാട്. അഷ്ടശിലയാണു ശ്രീകോവിലിലെ പ്രതിഷ്ഠ. മഹാദേവൻ ക്ഷേത്ര ശ്രീകോവിലിൽ വലതു ഭാഗത്തു പ്രതിഷ്ഠയുള്ളത് അപൂർവത. ഗണപതി, യക്ഷിയമ്മ, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗർ കാവ് എന്നിവയാണു ഉപദേവ പ്രതിഷ്ഠകൾ. ക്ഷേത്ര പരിസരത്തു തന്നെ ചതുർബാഹുവായ ശ്രീമഹാവിഷ്ണുവിനു ക്ഷേത്രവും ക്ഷേത്രത്തിനു കിഴക്കു ഭാഗത്തായി കറുപ്പസ്വാമി ക്ഷേത്രവുമുണ്ട്. മേടവിഷുവാണ് ഉത്സവം. 

അച്ചൻകോവിലിലെ 18 പടികളോടുള്ള ശ്രീധർമശാസ്താ ക്ഷേത്രം.
അച്ചൻകോവിലിലെ 18 പടികളോടുള്ള ശ്രീധർമശാസ്താ ക്ഷേത്രം.

അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം
ശബരിമലയുമായി ബന്ധപ്പെട്ട മൂന്നാമത്തെ ക്ഷേത്രം. ശബരിമലയിലേതിനു സമാനമായ വീതിയുള്ള 18 പടികളോടുള്ള ക്ഷേത്രം. ഗൃഹസ്ഥാശ്രമിയായ ശാസ്താവ് പൂർണ പുഷ്കല ദേവീ സമേതരായി കുടികൊള്ളുന്നുവെന്ന് വിശ്വാസം. ദേവന്റെ വലതുകൈയിലെ ലിംഗ വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദനം സർപ്പദംശനം ഏറ്റവർക്കുള്ള ദിവ്യൗഷധമായി വിശ്വസിക്കുന്നു. പാമ്പു കടിയേറ്റ് എത്തുന്നവർക്കു ദേവന്റെ കയ്യിലെ ചന്ദനം തീർഥജലത്തിൽ കലർത്തി നൽകാനായി ഏതുസമയത്തും മേൽശാന്തി ക്ഷേത്രനട തുറക്കും. കാന്തമലയിൽ നിന്ന് അയ്യപ്പൻ കൈകളിൽ കരുതിയെന്നു വിശ്വസിക്കുന്ന ഉടവാൾ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മണ്ഡല ഉത്സവ സമാപനമായ ധനു ഒൻപതിനാണു പ്രശസ്തമായ രഥോത്സവം. പുനലൂർ അലിമുക്കിലൂടെ 39 കിലോമീറ്റർ വനപാതയിലൂടെ എത്താം. തമിഴ്നാട്ടിലെ ചെങ്കോട്ട വഴിയും 28 കിലോമീറ്റർ കാടുകയറി അച്ചൻകോവിലിലെത്താം

English Summary:

This article explores the preparations in Kollam for the upcoming Mandala season, focusing on temple rituals, KSRTC's special bus services to Pamba, and the vibrant atmosphere surrounding the pilgrimage. It also delves into the significance of three prominent Sastha temples - Aryankavu, Kulathupuzha, and Achankovil - in relation to the Sabarimala pilgrimage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com