റോഡ് ശരിയാക്കി പക്ഷേ മൊത്തം ഇരുട്ടാക്കി
Mail This Article
കൊല്ലം ∙ പൊട്ടിപ്പൊളിഞ്ഞ റോഡ് ശരിയാക്കിയപ്പോൾ റോഡിലെ ഇരുവശങ്ങളിലെയും ലൈറ്റുകൾ അണഞ്ഞു. കമ്മിഷണർ ഓഫിസ് റെയിൽവേ മേൽപാലത്തിലെ തെരുവുവിളക്കുകളാണ് ദിവസങ്ങളായി പ്രവർത്തിക്കാതിരിക്കുന്നത്. പാലത്തിലെ എസ്എൻ കോളജ് മുതലുള്ള ആദ്യ ഭാഗങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും ലൈറ്റുകൾ പ്രവർത്തിക്കുന്നത്. പാതി ഭാഗം തൊട്ട് ഡിസിസി ഓഫിസ് വരെ പിന്നെ ഇരുവശങ്ങളിലും ഒരു ലൈറ്റ് പോലും പ്രവർത്തിക്കുന്നില്ല. മേൽപാലമായതിനാൽ തന്നെ ഡിസിസി ഓഫിസിന് മുന്നിലെ ഹൈ മാസ്റ്റ് ലൈറ്റ് ഒഴികെ മറ്റു പ്രകാശ സംവിധാനങ്ങളോ കടകളുടെ വെളിച്ചമോ ഇവിടെയില്ല.മാസങ്ങൾക്ക് മുൻപ് റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ അപകടങ്ങൾ തുടർക്കഥയാവുകയും ഏറെ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്ത ശേഷമാണ് മേൽപാലത്തിലെ റോഡ് അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയത്.
എന്നാൽ തെരുവു വിളക്കുകൾ പൂർണമായും അണഞ്ഞതോടെ വീണ്ടും അപകടാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് ഈ മേൽപാലം. കോർപറേഷൻ ആണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചു പരിപാലിക്കുന്നത്. പാലത്തിലെ റോഡിനു ഇരുവശങ്ങളിലുമായി 72 തെരുവ് വിളക്കുകാലുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതിൽ ഒരു വശത്തുള്ള 36 വിളക്കുകാലുകളിൽ മാത്രമാണ് തെരുവ് വിളക്കുകൾ പ്രകാശിപ്പിച്ചിരുന്നത്.എന്നാൽ ഇപ്പോൾ ഇവയിൽ എസ്എൻ കോളജിന് സമീപത്തെ പാലം ആരംഭിക്കുന്ന ഭാഗത്തുള്ള 8 തെരുവ് വിളക്കുകൾ ഒഴികെ ബാക്കിയുള്ളവ ഒന്നും പ്രവർത്തിക്കുന്നില്ല. പാലത്തിന്റെ മധ്യഭാഗത്ത് നിന്ന് ഡിസിസി ഓഫിസ് വരെയുള്ള ഭാഗം പൂർണമായും ഇരുട്ടിലാണ്.
പാലത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനോടൊപ്പം തന്നെ തെരുവുവിളക്കുകൾ കൃത്യമായി പ്രകാശിപ്പിക്കുന്നതിന് കോർപറേഷൻ മുഖേന നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് മാസങ്ങളായിട്ടും തെരുവുവിളക്കുകൾ കൃത്യമായി പരിപാലിക്കാത്തതിനാൽ മുൻപുണ്ടായിരുന്ന തെരുവു വിളക്കുകൾ കൂടി പ്രവർത്തന രഹിതമായിക്കഴിഞ്ഞു. എത്രയും വേഗം തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കി റോഡിലെ അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് ആവശ്യം. നഗരത്തിലെ മറ്റു പലയിടങ്ങളിലും ലൈറ്റുകൾ പ്രവർത്തനരഹിതമാകുന്നത് തുടർക്കഥയാണ്. ചില ഇടങ്ങളിൽ ഇടവിട്ടുള്ള ലൈറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.