കൊല്ലം–തിരുമംഗലം ദേശീയപാതയിൽ അപകടം പതിവാകുന്നു
Mail This Article
പുനലൂർ ∙ കൊല്ലം –തിരുമംഗലം ദേശീയപാതയിൽ പുനലൂർ കലയനാട്ട് റോഡിന്റെ വശത്തെ ചെളിനിറഞ്ഞ അഴുക്കുചാലിലേക്കു തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് എത്തിയ ചരക്കുലോറി ചാടി അപകടത്തിൽപെട്ടു. ആളപായമോ കാര്യമായ പരുക്കോ ഇല്ല. ഇന്നലെ പുലർച്ചെയാണ് അപകടം. 50 മീറ്ററോളം ദൂരത്തിൽ ലോറിയുടെ ഒരു വശത്തെ ചക്രങ്ങൾ അഴുക്കുചാലിലൂടെ പോകവേ ശക്തമായി ബ്രേക്ക് ചെയ്താണ് വാഹനം നിർത്തിയത്. തൊട്ടു താഴെ ‘മരണ വളവ്’ എന്നറിയപ്പെടുന്ന ഏറ്റവും വലിയ വളവ് സ്ഥിതി ചെയ്യുന്ന ഭാഗമാണ്. ഇവിടെ നൂറുകണക്കിന് വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്.
ചെളിയുള്ള ഭാഗത്ത് കൂടി എത്തിയ വാഹനം കൂടുതൽ മുന്നോട്ടു പോയിരുന്നെങ്കിൽ പുനലൂർ ഭാഗത്തു നിന്നും എതിരെ എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് ദുരന്തത്തിന് കാരണമായേനെ. ഈ ഭാഗത്ത് ശാസ്ത്രീയമായി ഓട നിർമിച്ചിട്ടില്ലാത്തതിനാൽ ഇവിടെ റോഡിന്റെ വശത്തുകൂടിയാണ് മഴവെള്ളം ഒഴുകി കലയനാട് തോട്ടിലേക്കു പോകുന്നത്. പ്ലാച്ചേരി മുതൽ കലയനാട് വരെയുള്ള എല്ലാ വളവുകളിലും അപകടം പതിയിരിക്കുകയാണ്. മണ്ഡലകാലം നാളെ ആരംഭിക്കാനിരിക്കെ റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് പാകുന്നതിനോ കോൺക്രീറ്റ് ചെയ്യുന്നതിനോ ക്വാറി വേസ്റ്റ് ഇട്ട് ബലപ്പെടുത്തുന്നതിനോ നടപടി ഉണ്ടായിട്ടില്ല.
രണ്ടുദിവസം മുൻപ് പ്ലാച്ചേരി താമരപ്പള്ളി വലിയ വളവിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡീസൽ ചോർച്ച ഉണ്ടായിരുന്നു. രാത്രിയാണ് ഈ പാതയിൽ അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. വെളിച്ച സംവിധാനവും കുറവാണ്. വലിയ വളവുകളിലെ തകർന്ന ക്രാഷ് ബാരിയറുകൾ പുനർ നിർമിച്ചിട്ടില്ല. വാളക്കോട് വലിയ വളവിലും സമാന സ്ഥിതിയാണ്. കലയനാട് വലിയ വളവിൽ രണ്ടു വർഷം മുൻപ് അരി കയറ്റി വന്ന ലോറി ഇടിച്ചു തകർത്ത ക്രാഷ് ബാരിയറുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. .