സ്കൂളിലെ കിണറ്റിൽ വീണു വിദ്യാർഥിക്കു ഗുരുതരപരുക്ക്
Mail This Article
ശാസ്താംകോട്ട (കൊല്ലം) ∙ സ്കൂളിലെ ആഴമേറിയ കിണറ്റിൽ വീണു വിദ്യാർഥിക്കു ഗുരുതരമായി പരുക്കേറ്റു. കുന്നത്തൂർ തുരുത്തിക്കര എംടി യുപിഎസിൽ രാവിലെ ഒൻപതരയോടെയാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥി തുരുത്തിക്കര താഴേവിളയിൽ പുത്തൻ കെട്ടിടത്തിൽ ഫെബിൻ ലാലച്ചൻ (13) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു എന്നാണു സൂചന. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സ്കൂൾ ജീവനക്കാരൻ സിജു തോമസ് കിണറ്റിലിറങ്ങി കുട്ടിയെ താങ്ങിയെടുത്ത് നിന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്.
തലയ്ക്കു പരുക്കേറ്റ ഫെബിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ ആശുപത്രിയിലേക്കു മാറ്റി. കിണറിനു മതിയായ സുരക്ഷ ഉറപ്പാക്കിയിരുന്നില്ലെന്നു പരാതിയുണ്ട്. തുരുമ്പിച്ച ഇരുമ്പ് വലയും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളിൽ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. വിദ്യാഭ്യാസ വകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കുട്ടിയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരുമായും കുട്ടിയുടെ പിതാവുമായും ബന്ധപ്പെട്ട് വിവരങ്ങൾ തേടിയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.