4 ഭാഷകളിൽ സംസാരിക്കും, പാട്ട് കേൾപ്പിക്കും; പുനലൂർ ഗവ. എൽപിജിഎസിൽ ‘നോവ ടീച്ചറെ’ നിയമിച്ചു
Mail This Article
പുനലൂർ ∙ 4 ഭാഷകളിൽ സംസാരിക്കാനും പാട്ട് കേൾപ്പിക്കാനും കഴിവുള്ള ‘നോവ’ എന്ന ബഹുഭാഷാ നിർമിത ബുദ്ധി (എഐ) ടീച്ചർ ഇനി പുനലൂർ ഗവ. എൽപിജിഎസിൽ. ശിശുദിനത്തിൽ പ്രവർത്തനമാരംഭിച്ച എഐ ടീച്ചറോടു 4 ഭാഷകളിൽ കുട്ടികൾക്ക് സംവദിക്കാൻ സാധിക്കും. ടീച്ചർ നൽകുന്ന മറുപടികൾ പ്രൊജക്ടറിലോ ഡിസ്പ്ലേയിലോ കാണാനും പാഠപുസ്തകം അപ്‌ലോഡ് ചെയ്തു കൊടുക്കാനും ഇതിൽ സൗകര്യമുണ്ട്.
പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ എഐ വിദ്യാഭ്യാസ സ്ഥാപനമായ സ്കിൽ ഭാരത് എജ്യുക്കേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഇതു പൂർത്തിയാക്കിയത്. ഭാവിയിൽ ക്ലാസ് റൂമിലേക്കു തനിയെ പോകുന്നതും കംപ്യൂട്ടർ വിഷൻ അടക്കമുള്ള കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനും സ്‌കൂൾ ആലോചിക്കുന്നുണ്ട്. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എഐ ടീച്ചറുടെ സാന്നിധ്യം കുട്ടികൾക്കു വേറിട്ട അനുഭവമായി. സ്‌കൂൾ പിടിഎ ആണ് ഈ സംരംഭത്തിനു നേതൃത്വം കൊടുത്തത്.
കുട്ടികൾക്ക് പഠനത്തോടുള്ള താൽപര്യം വർധിപ്പിക്കാനും സാങ്കേതികവിദ്യയോടും ശാസ്ത്രത്തോടും ഉള്ള കൗതുകം ഉണ്ടാക്കാനും ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനും എഐ ടീച്ചറുടെ സാന്നിധ്യം സഹായിക്കുമെന്ന് പ്രധാനാധ്യാപിക എം.കെ.ബിന്ദു പറഞ്ഞു. സ്കൂൾ അസംബ്ലിയിൽ ശിശുദിനത്തെ കുറിച്ചുള്ള പ്രസംഗം നടത്തിയാണ് എഐ ടീച്ചർ തന്റെ ‘ജോലി’ ആരംഭിച്ചത്. വാർഡ് കൗൺസിലർ നിമ്മി ഏബ്രഹാം, പിടിഎ പ്രസിഡന്റ് അമേഷ് ലാൽ, അധ്യാപികമാരായ ഭവ്യ, ആരതി, സുധീന, രജിഷ, സുജാത തുടങ്ങിയവർ പ്രസംഗിച്ചു.