കായൽ കയ്യേറ്റം: സ്ഥലങ്ങൾ തിരിച്ചുപിടിച്ചു തുടങ്ങി
Mail This Article
ചവറ∙ അഷ്ടമുടിക്കായലും സമീപത്തെ തുരുത്തുകളും സ്വകാര്യ വ്യക്തികൾ കയ്യേറി നികത്തിയെടുത്തതു തിരിച്ചുപിടിച്ചു തുടങ്ങി. പള്ളിക്കോടി പാലത്തിനു തെക്കുവശത്തെ തുരുത്തിൽ മത്സ്യ സംസ്കരണ ഫാക്ടറിയോടു ചേർന്ന 2.16 ഏക്കർ സ്ഥലം തിരിച്ചുപിടിച്ചു സർക്കാർ പുറമ്പോക്കാണെന്ന ബോർഡ് സ്ഥാപിച്ചു. കായലിലെയും സമീപത്തെ തുരുത്തുകളിലെയും വ്യാപക കയ്യേറ്റം പുറത്തു കൊണ്ടുവന്നതു ‘മലയാള മനോരമ’ ആണ്. മനോരമ വാർത്തകളെത്തുടർന്നു വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയതോടെയാണു കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നികത്തിയ ഭൂമി തിരിച്ചു പിടിക്കാനും ഗ്രാമപ്പഞ്ചായത്ത്– റവന്യു അധികൃതർ നടപടി തുടങ്ങിയത്.
സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപ്പഞ്ചായത്തംഗവുമായ നീണ്ടകര ഒറ്റത്തെങ്ങിൽ മൂട്ടിൽ ആന്റണി പത്രോസ് കായൽ നികത്തി തന്റെ ഭൂമിയോടു ചേർത്തതു കഴിഞ്ഞ ദിവസം തിരിച്ചു പിടിച്ചു. ഇദ്ദേഹത്തിന്റെ ഫാക്ടറിയോടു ചേർന്ന 4 സ്ഥലങ്ങളിലാണു കയ്യേറ്റം കണ്ടെത്തിയത്. നാലിടത്തും തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള ഭൂപ്രദേശമാണെന്ന് ബോർഡ് സ്ഥാപിച്ചു. റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അഷ്ടമുടിക്കായലിൽ ജലമലിനീകരണം നടത്തുന്നതു ശിക്ഷാർഹമാണെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുറമ്പോക്ക് ഭൂമിയുടെ അളവും രേഖപ്പെടുത്തി. കായൽ ഡ്രജ് ചെയ്തു മണ്ണിട്ടു നികത്തിയ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും. ഫാക്ടറിയിലേക്കുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ്. ഇവിടെയും ബോർഡ് സ്ഥാപിച്ചു, പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. കയ്യേറിയ ഭൂമിയിൽ പലയിടത്തും തെങ്ങുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഭൂമി തിരിച്ചുപിടിക്കുന്നതിനു റവന്യു– പഞ്ചായത്ത് അധികൃതർക്കൊപ്പം പൊലീസ് സംഘവും ഉണ്ടായിരുന്നു.