ADVERTISEMENT

കൊല്ലം∙ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു മുന്നൂറിലധികം പേരിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ 3 പേർ പിടിയിൽ . ഒന്നാം പ്രതി കോവൂർ അരിനല്ലൂർ മുക്കോടിയിൽ തെക്കേതിൽ ബാലു ജി. നാഥ്(31), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യാമാതാവുമായ അനിത കുമാരി(48), നാലാം പ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി(26) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് ജില്ലാ അതിർത്തിയായ കല്ലമ്പലത്തു നിന്നു പിടികൂടിയത്. രണ്ടാം പ്രതി പരവൂർ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മി നിലയത്തിൽ താമസക്കാരനുമായ വേണു വിജയൻ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ക്രൊയേഷ്യയിലേക്കു കൊണ്ടുപോകാമെന്നു പറഞ്ഞു മനുഷ്യക്കടത്തു നടത്തിയെന്നും പരാതിയുണ്ട്.

2023 ഓഗസ്റ്റിൽ നീണ്ടകര മെർലിൻ ഭവനിൽ ക്ലീറ്റസ് ആന്റണി നൽകിയ പരാതിയിലാണ് നടപടി. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് സെഷൻസ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. താലൂക്ക് ഓഫിസിന് അടുത്തുള്ള ഫോർസൈറ്റ് ഓവർസീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ്. ബാലുവും അശ്വതിയും ചേർന്നാണ് സ്ഥാപനം നടത്തിയിരുന്നത്.

കഴിഞ്ഞ വർഷം കേസ് റജിസ്റ്റർ ചെയ്തപ്പോൾ തന്നെ പ്രതികൾ ഒളിവിൽ പോയിരുന്നു. മൂന്നു വാടക വീടുകളിൽ ഇതിനോടകം താമസിച്ചു. കഴിഞ്ഞയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഈസ്റ്റ് പൊലീസിന് നിർദേശം ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കല്ലമ്പലം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്നെന്ന വിവരം ലഭിച്ചത്. കല്ലമ്പലം ഭാഗത്ത് പുതിയതായി വാടകയ്ക്ക് പുതിയതായി എത്തിയ 3 കുടുംബങ്ങളെ കുറിച്ചു അന്വേഷിച്ചു. ഏഴു ദിവസം മുൻപ് വാടകയ്ക്കു വീടെടുത്ത ഇവരെ ഇന്നലെ രാവിലെയാണ് ഈസ്റ്റ് സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2021ൽ ക്ലീറ്റസിന്റെ മകനു വേണ്ടിയാണ് ഈ ഏജൻസിയെ സമീപിച്ചത്. 3 ലക്ഷം രൂപ അനിതകുമാരിയുടെ അക്കൗണ്ടിലേക്ക് കൈമാറി. ക്ലീറ്റസിന്റെ മറ്റ് രണ്ടു ബന്ധുക്കളിൽ നിന്നു മൂന്നു ലക്ഷം രൂപ വീതം കൈമാറി. വീസ ഉടൻ വരുമെന്നു പറഞ്ഞു കുറച്ചു കാലം പറ്റിച്ചെന്നു പരാതിക്കാരിൽ ഒരാളായ ജാൻസി ജസ്റ്റസ് പറഞ്ഞു. പിന്നീട് ഫോർസൈറ്റ് ഓവർസീസ് ഓഫിസിൽ എത്തിയപ്പോൾ കോട്ടയത്തെ വേണുവിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. ബാലു മുഴുവൻ പണം നൽകിയില്ലെന്നും ഇനി പണത്തിനായി ഇങ്ങോട്ടു വരണ്ടെന്നും പറഞ്ഞ് വേണുപരാതിക്കാരെ മടക്കി അയച്ചു. ഏഴര ലക്ഷം രൂപ വരെ ഏജൻസിക്കു പലരും കൈമാറിയിട്ടുണ്ട്. യുകെയിലെ ഏജൻസിയുമായുള്ള കരാർ വേണുവിന്റെ പേരിലാണെന്നാണ് ബാലു പറയുന്നത്. ലഭിച്ച പണം വേണുവിനു കൈമാറിയെന്നും പറയുന്നു.

ഇതിനിടെ, വീട്ടിൽ ഉദ്യോഗാർഥികൾ ശല്യപ്പെടുത്തുന്നുവെന്നും സംരക്ഷണം ആവശ്യപ്പെട്ടും വേണു ഹൈക്കോടതിയിൽ ഹർജി നൽകി. ഈ ഹർജിയിൽ 355 പേരുടെ പേര് ഉൾപ്പെടുത്തിയിരുന്നു. ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന് ക്ലീറ്റസിന് 355 പേരുടെ പട്ടികയുടെ ഹൈക്കോടതി നോട്ടിസ് ലഭിക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നത്. തുടർന്ന് പരാതിക്കാർ പണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നു.പ്രതികൾ അറസ്റ്റിലായതോടെ കൂടുതൽപേർ പരാതിയുമായെത്തിയിട്ടുണ്ട്. ഹൈക്കോടതി നോട്ടിസിൽ ലഭിച്ച പട്ടികയിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്ഥാർഥികളുടെ വിലാസമുണ്ടായിരുന്നതായി ക്ലീറ്റസ് പറഞ്ഞു. എത്ര പേരിൽ നിന്നു പണം വാങ്ങിയുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യംചെയ്യലിൽ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ വൈദ്യ പരിശോധന നടത്തി ഇന്നു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. വൈദ്യ പരിശോധനയ്ക്കിടെ ബിപി കൂടിയതിനെ തുടർന്ന് അനിത കുമാരിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷനിൽ എത്തിച്ചു.

മോഹിപ്പിച്ചത് വിഡിയോയിലൂടെ
ആദ്യഘട്ടത്തിൽ 25 പേരുടെ സംഘത്തെയാണ് യുകെയിൽ ജോലി നൽകാമെന്നു വാഗ്ദാനം നൽകി കയറ്റിവിട്ടത്. മത്സ്യ സംസ്കരണ കേന്ദ്രത്തിലേക്ക് എന്നു പറഞ്ഞായിരുന്നു പോയത്. ബിടെക് ബിരുദം നേടിയവരടക്കമാണ് അവിടെ എത്തിയത്. എന്നാൽ, 25 അംഗ സംഘവും ജോലി ലഭിച്ച കമ്പനിയിൽ നിന്നു രാജിവച്ചതോടെ ഫോർസൈറ്റിന്റെ കരാർ യുകെ അധികൃതർ റദ്ദാക്കി. കരാർ റദ്ദായെങ്കിലും തുടർന്നു റിക്രൂട്മെന്റ് നടത്തിയാണ് തട്ടിപ്പു നടത്തിയത്.ആദ്യഘട്ടത്തിൽ പോയവരിൽ ബാലുവിന്റെ ഓഫിസ് ജീവനക്കാരിയുമുണ്ടായിരുന്നു. യുകെയിലെ മെച്ചപ്പെട്ട ജീവിത സൗകര്യം സംബന്ധിച്ച വിഡിയോകൾ അവർ അയച്ചു കൊടുത്തു. ഇതു പ്രചരിച്ചതോടെയാണ് കൂടുതൽ പേർ സ്ഥാപനത്തെ സമീപിച്ചത്.

പ്രതികളുടേത് ആഡംബര ജീവിതം
ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി ആഡംബര ജീവിതം നയിക്കുകയാണ് പ്രതികൾ ചെയ്തതെന്നു പൊലീസ് പറഞ്ഞു. ബെൻസു കാർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കാഷ്യൂ ഫാക്ടറി തുടങ്ങാനുള്ള ശ്രമം നടത്തിയിരുന്നു. പണം മറ്റു മേഖലകളിലും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ക്രൊയേഷ്യയിലേക്ക് മനുഷ്യക്കടത്തും
റിക്രൂട്മെന്റ് തട്ടിപ്പ് കേസിലെ പ്രതികൾ പിടിയിലായതോടെ കൂടുതൽ പരാതിക്കാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി. മനുഷ്യക്കടത്തിനിരയായവരും പരാതിക്കാരിലുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ വിഷ്ണുവിനു നഷ്ടമായത് നാലര ലക്ഷം രൂപ. ക്രൊയേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിഷ്ണു ഉൾപ്പെടെയുള്ള സംഘത്തെ സെർബിയയിൽ എത്തിച്ചു. തുടർന്ന് അനധികൃതമായി ക്രൊയേഷ്യയിലേക്ക് കടക്കാൻ നിർബന്ധിച്ചു. ഇതിനു വഴങ്ങാതെ വിഷ്ണു ഉൾപ്പെടെയുള്ളവർ സെർബിയയിൽ ഒരാഴ്ച തങ്ങി. സ്വന്തം പണം മുടക്കി ടിക്കറ്റു വാങ്ങി കേരളത്തിലേക്ക് തിരികെ വന്നുവെന്നും വിഷ്ണു പറഞ്ഞു.

English Summary:

Three individuals have been arrested in Kollam, India, for allegedly running a job scam that defrauded over 300 people by promising them employment opportunities in European countries. The scam also involved allegations of human trafficking to Croatia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com