മേയർ, ഡപ്യൂട്ടി മേയർ മാറ്റം അടുത്തമാസം; ചർച്ചകളിലേക്ക് സിപിഐയും സിപിഎമ്മും
Mail This Article
കൊല്ലം ∙ കോർപറേഷനിൽ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളുടെ വച്ചുമാറ്റം അടുത്ത മാസം. ഇടതുമുന്നണി ധാരണപ്രകാരം അവസാന ഒരുവർഷം മേയർ സ്ഥാനം സിപിഐയ്ക്കാണ്. ഡപ്യൂട്ടി മേയർ സ്ഥാനം സിപിഎമ്മിനും. അടുത്ത മാസം പകുതിക്കു ശേഷം സ്ഥാനമാറ്റം ഉണ്ടാകുമെന്നാണു സൂചന. ഭരണമാറ്റം സംബന്ധിച്ചു ഇടതുമുന്നണിയിൽ സംസ്ഥാന തലത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ജില്ലാ തലത്തിൽ ഔദ്യോഗിക ചർച്ച തുടങ്ങിയിട്ടില്ല. എന്നാൽ മേയർ, ഡപ്യൂട്ടി സ്ഥാനങ്ങൾ സംബന്ധിച്ചു പിന്നാമ്പുറങ്ങളിൽ ചർച്ച സജീവമാണ്. ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള പരിഗണന സംബന്ധിച്ചാണ് സജീവ ചർച്ച.
മേയർ
മേയർ സ്ഥാനത്തേക്ക് സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ മേയറും ആയ ഹണി ബഞ്ചമിന്റെ പേരാണു മുന്നിൽ. പാർട്ടിയിലും കൗൺസിലർ എന്ന നിലയിലുമുള്ള സീനിയോറിറ്റിയും ഹണിക്കാണ്. മേയർ എന്ന നിലയിലെ പ്രവർത്തന പരിചയവും ഹണിക്കുണ്ട്. പുതുമുഖത്തെ പരിഗണിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ വാളത്തുംഗൽ ഡിവിഷൻ പ്രതിനിധി സുജ, പുന്തലത്താഴം ഡിവിഷനിലെ വി.പ്രിജി എന്നിവർക്കായിരിക്കും മുൻഗണന. സുജ തുടർച്ചയായി രണ്ടാം തവണയാണ് കൗൺസിലർ ആയത്. മേയർ സ്ഥാനം വനിതാ സംവരണമാണ്.
ഡപ്യൂട്ടി മേയർ
അര ഡസനിലധികം പേരാണ് ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സിപിഎമ്മിൽ ഉയരുന്നത്. പാർട്ടിയിലും കൗൺസിലർ എന്ന നിലയിലുമുള്ള സീനിയോറിറ്റിക്കു പുറമെ പാർട്ടി ഏരിയാ മേഖല സംബന്ധിച്ചും ചർച്ചയുണ്ട്. കൊല്ലം, കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട് ഏരിയ കമ്മിറ്റികളാണ് കോർപറേഷൻ മേഖലയിൽ ഉള്ളത്. ഇതിൽ കൊല്ലം ഈസ്റ്റ് ഏരിയയിലാണ് പാർട്ടി ശക്തം. കിളികൊല്ലൂർ, വടക്കേവിള, ഇരവിപുരം സോണൽ ഉൾപ്പെടുന്ന ഈസ്റ്റ് ഏരിയയിൽ നിന്നു 25 കൗൺസിലർമാരുണ്ട്.
ഇവരിൽ 5 പേർ പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളാണ്. തുടർച്ചയായി 5 തവണ കൗൺസിലർ ആയ എസ്. ഗീതാകുമാരി, മുൻ സ്ഥിരം സമിതി അധ്യക്ഷൻ ജി. ഉദയകുമാർ, സുജ കൃഷ്ണൻ, ടി.പി. അഭിമന്യു, എം.സജീവ് എന്നിവരാണ് ഇവർ. അഞ്ചാലുംമൂട് ഏരിയയിൽ നിന്നുള്ള എസ്. ജയൻ, കൊല്ലം ഏരിയയിലെ എ.കെ.സവാദ് എന്നിവരാണ് മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ.
എസ്.ഗീതാകുമാരി, എസ്.ജയൻ, ജി. ഉദയകുമാർ എ.കെ.സവാദ് എന്നിവരുടെ പേരുകളാണ് മുന്നിലുള്ളത്. 25 കൗൺസിലർമാരുള്ള ഈസ്റ്റ് ഏരിയയ്ക്ക് പരിഗണന നൽകണമെന്ന വാദം ശക്തമായി ഉയരുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയായ ഗീതാകുമാരിക്കാണ് ഏരിയ കമ്മിറ്റി അംഗം എന്ന നിലയിലും സീനിയോറിറ്റി. അതേ സമയം എസ്.ജയൻ, ജി.ഉദയകുമാർ, സവാദ് എന്നിവരെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പേരുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും പാർട്ടി ഔദ്യോഗിക ചർച്ച തുടങ്ങിയിട്ടില്ല.