റെയിൽവേ സ്റ്റേഷൻ നവീകരണം: സമീപവാസികൾ ഭീതിയിൽ
Mail This Article
കുണ്ടറ∙ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ സുരക്ഷ ഒരുക്കാത്തതിനാൽ സമീപവാസികളും വ്യാപാരികളും ഭീതിയിൽ. ആശുപത്രിമുക്ക് മുതൽ റെയിൽവേ സ്റ്റേഷൻ വരെ റെയിൽ പാതയ്ക്ക് സമാന്തരമായി മണ്ണിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ദേശീയപാതയ്ക്കും ഇടയ്ക്ക് റെയിൽവേ ഇപ്പോൾ അതിവേഗം നിർമാണം നടത്തുന്നു.
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾക്കും മറ്റും ഉപയോഗിക്കുന്ന യന്ത്രങ്ങൾ, എൻജിനുകൾ തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള യാഡിന്റെ നിർമാണത്തിനാണു മണ്ണിട്ടുയർത്തുന്നത് അയൽപക്കത്തെ മതിലുകൾ ബലപ്പെടുത്താതെയും സംരക്ഷണ ഭിത്തി കെട്ടാതെയും മണ്ണിട്ട് ഉയർത്തുകയാണ്. പല ഭാഗങ്ങളിലും മതിലുകൾ പൊളിഞ്ഞ് വീണു. സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ശുചിമുറി അപകടാവസ്ഥയിലാണ്.
അടിയന്തര നടപടി സ്വീകരിക്കുന്നതിന് കുണ്ടറ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എംപി, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പരാതി നൽകി. മതിയായ സുരക്ഷയൊരുക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ ജോയി കണിയാമ്പറമ്പിൽ, ഡോ. കോശി പണിക്കർ, ഷിബു പടവിള, ലൂക്കോസ് തരകൻ തടത്തിൽ, സജാദ് എന്നിവർ ആവശ്യപ്പെട്ടു.