ADVERTISEMENT

പത്തനാപുരം∙ നാടിനെ ഭീതിയിലാഴ്ത്തിയ പുലി കെണിയിൽ കുടുങ്ങി. ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റ്, തേവലക്കര വെട്ടിഅയ്യത്ത് പറങ്കിമാവിൻ തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രണ്ടാഴ്ചയ്ക്ക് മുൻപ് സ്ഥാപിച്ച കൂട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ ബഹളം കേട്ട് കോർപറേഷൻ ജീവനക്കാർ എത്തിയപ്പോഴാണ് പുലി കൂട്ടിലകപ്പെട്ട വിവരം അറിയുന്നത്. അഞ്ച് വയസ്സ് തോന്നിക്കുന്ന പെൺപുലിയാണ് കുടുങ്ങിയത്.

കൂട്ടിലകപ്പെട്ട പുലിയെ ലോറിയിലേക്കു കയറ്റുന്നു.
കൂട്ടിലകപ്പെട്ട പുലിയെ ലോറിയിലേക്കു കയറ്റുന്നു.

വിവരമറിഞ്ഞ് ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ വി,ഗിരി, ആർ.അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി. രാവിലെ എട്ടു മണിയോടെ ഡിഎഫ്ഒ ജയശങ്കർ, ഡോ.ബി.ജി.സിബി എന്നിവരെത്തി, പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു. ശേഷം ലോറിയിൽ വനം റാന്നി ഡിവിഷന്റെ കക്കി റേഞ്ച് പരിധിയിലെ വനത്തിലെത്തിച്ച് തുറന്നു വിട്ടു. റേഞ്ച് ഓഫിസർമാരായ സി.രാജേഷ്, നിസാം എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

പകൽ സമയങ്ങളിൽ പോലും മിന്നലാട്ടം നടത്തി മുങ്ങുന്ന പുലിക്കൂട്ടം നാട്ടുകാരുടെ പേടി സ്വപ്നമാണ്. തെരുവു നായ്ക്കളും, പശുക്കിടാക്കൾ, ആട് എന്നിവ സുലഭമായി ലഭിക്കുന്നതാണ് ഇവിടം കേന്ദ്രീകരിക്കാൻ കാരണമെന്നാണ് നിഗമനം. ഇനിയും പുലികളുണ്ടെങ്കിലും, ഉടനെ കൂട് സ്ഥാപിക്കില്ല. എവിടെയെങ്കിലും പുലിയെ കണ്ടതായി സ്ഥിരീകരിച്ചാൽ മാത്രം വീണ്ടും കൂട് വച്ചാൽ മതിയെന്നാണ് വനം വകുപ്പ് തീരുമാനം.

ഇതിനിടെ പുലി കെണിയിലകപ്പെട്ടത് ഫാമിങ് കോർപറേഷന്റെ പറങ്കിമാവിൻ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലായിട്ടും, പുലിയെ മാറ്റുന്നതിന് നടപടി വൈകിയെന്ന് ആക്ഷേപം ഉയർന്നു. പുലിയെ കൊണ്ടു പോകുന്നതിന് ലോറി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസിയും മറ്റു ജനപ്രതിനിധികളും പ്രതിഷേധിച്ചു.

കൂട്ടിൽ ഇരയായി ഇട്ട മണിയനാടിനെ നോക്കി കിടക്കുന്ന പുലി.
കൂട്ടിൽ ഇരയായി ഇട്ട മണിയനാടിനെ നോക്കി കിടക്കുന്ന പുലി.

‘ഭാഗ്യക്കെണി’ ചതിച്ചില്ല
സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം മൃഗങ്ങളെ കുടുക്കിയ ചരിത്രമുള്ള കെണി ഇത്തവണയും നിരാശപ്പെടുത്തിയില്ല. തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ് ആദ്യം കൂട് സ്ഥാപിച്ചത്. ഇവിടെയും പിന്നീട് പരുത്തിപ്പള്ളിയിലും പുലിയാണ് കുടുങ്ങിയത്. കോവിഡ് കാലത്ത് കൊല്ലത്തെ വിറപ്പിച്ച, കരടിയും കുടുങ്ങിയത് ഈ കൂട്ടിലാണ്. പത്തനാപുരം തേവലക്കരയിലും പുലി വീണതോടെ വനം വകുപ്പിന്റെ "ഭാഗ്യ"ക്കൂടായി ഇത് മാറി. പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ ഇരയായെത്തിയത് ‘മണിയൻ’ എന്ന ആടായിരുന്നു. ഒരാഴ്ചയോളം വെള്ളം തീറ്റയും തിന്ന് കൂട്ടിൽ കിടന്ന മണിയന്റെ ഉറക്കം കെടുത്തി പുലിയെത്തിയത് ഇന്നലെ. 

രാത്രി രണ്ട് കഴിഞ്ഞതോടെ കൂട്ടിലേക്ക് പുലി കയറിയതും കൂടിന്റെ വാതിൽ അടഞ്ഞതും ഒരുമിച്ച്. എന്താണെന്ന് സംഭവിച്ചതെന്നറിയാതെ കൂട്ടിൽ തലങ്ങും വിലങ്ങും പുലി പാഞ്ഞതോടെ, അടുത്ത് നിൽക്കുന്ന ശത്രുവിനെ കണ്ട് മണിയനും വിരണ്ട് നിലവിളിയായി. പരസ്പരമുള്ള ആക്രോശങ്ങൾക്കിടയിൽ പുലിയുടെ കൈയിലെ നഖം കൊണ്ട്, ആടിന്റെ മുഖം മുറിയുകയും ചെയ്തു. എന്നാൽ കാഴ്ചക്കാരേറി വന്നതോടെ മണിയനും പുലിയും ശാന്തരായി. തൊട്ടടുത്തായി ഉരുമ്മി നിന്നിട്ടു പോലും മണിയനു നേരെ ആക്രോശിക്കാൻ പിന്നീട് പുലി ശ്രമിച്ചില്ല. പിന്നീട് ദീർഘനേരം ഉറക്കമായിരുന്നു മണിയനാട്. പുലിയെ ലോറിയിൽ കയറ്റും മുൻപ് മണിയനെ അഴിച്ചിറക്കാൻ ശ്രമിച്ചപ്പോൾ പുലിയുടെ വകയായി ചെറിയൊരു സ്നേഹ ഗർജനം!

English Summary:

After weeks of terror, a female leopard has been caught in a Forest Department trap at the Chithalvetty Estate in Pathanapuram, Kerala. The capture brings relief to residents and highlights efforts to manage human-wildlife conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com