തിരുമംഗലം ദേശീയപാതയിൽ ‘ലോറി വലുപ്പത്തി’ലുള്ള ഗതാഗതക്കുരുക്ക്; ആര്യങ്കാവ് വഴി യാത്ര ദുരിതമാകും
Mail This Article
തെന്മല ∙ മണ്ഡലകാലം തുടങ്ങുന്ന സമയത്തു തന്നെ തിരുമംഗലം ദേശീയപാതയിൽ ഗതാഗതം താറുമാറിലെന്ന് ആക്ഷേപം. തെന്മല ഡാം 2ാം വളവിൽ തമിഴ്നാട്ടിലേക്കു തടി കയറ്റിപ്പോയ ലോറി കയറ്റം കയറുന്നതിനിടെ ലോഡ് വശത്തേക്കു മറിഞ്ഞ് ഗതാഗതം മുടങ്ങി. ആര്യങ്കാവ് ക്ഷേത്രത്തിൽ നിന്നു കുളത്തൂപ്പുഴ ക്ഷേത്രത്തിലേക്ക് എത്തുന്ന പാതയാണിത്. കഴുതുരുട്ടി 13 കണ്ണറ പാലത്തിനു സമീപത്തെ കുഴിയിൽ അകപ്പെട്ട ചരക്കുലോറിയും ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ആര്യങ്കാവ്, തെന്മല ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇരുഭാഗത്തും കുടുങ്ങിയതോടെ മണിക്കൂറുകൾ ഗതാഗതം മുടങ്ങി. കെഎസ്ആർടിസി ബസുകളും മറ്റ് യാത്രാവാഹനങ്ങളും ചരക്കു ലോറികളും ഉൾപ്പെടെ കുരുക്കിൽപ്പെട്ടു. വാഹനഗതാഗതം സാധാരണ നിലയിലാക്കാൻ കഴിയാതെ പൊലീസും കുടുങ്ങി. തകരാറിലായ ചരക്കുലോറിയുടെ വശത്തു കൂടി ചെറിയ വാഹനങ്ങൾ കടത്തി വിട്ടു. രണ്ടാം വളവിൽ തടിക്കഴകൾ നീക്കം ചെയ്തു ലോറി നീക്കാത്തതിനാൽ വാഹന ഗതാഗതം സാധാരണ നിലയിലായില്ല.
അമിതലോഡുമായി കയറ്റം കയറുന്നതിനിടെ വശത്തേക്കു ലോറി ചെരിഞ്ഞപ്പോഴാണു തടി റോഡിലേക്കു വീണത്. വളവിലെ ഒരുഭാഗത്തു കൂടി വാഹന ഗതാഗതം നിയന്ത്രിതമായി കടത്തി വിട്ടു. 13 കണ്ണറ പാലത്തിനു സമീപത്തെ കൽപ്പാളി നിരത്തിയ ഭാഗത്തെ അടിത്തറ തകർന്നു കുഴിയായ ഭാഗത്താണ് ചരക്കു ലോറി അകപ്പെട്ടത്. കോൺക്രീറ്റ് ചെയ്ത ചപ്പാത്തിലൂടെ ശക്തമായ വെള്ളമൊഴുകിയതാണ് പാതയുടെ തകർച്ചയ്ക്കു കാരണം. അടിത്തറ തകർന്നു കുഴിയായ ഭാഗത്തെ കൽപ്പാളികൾ നീക്കി അടിത്തറ ബലപ്പെടുത്തി നവീകരിക്കാതെ പ്രതിസന്ധി മാറില്ല. പാതയുടെ വശം കഴുതുരുട്ടിയാറും വലിയ താഴ്ചയുമാണ്.
ദേശീയപാതയിലെ തകർച്ചയിലായ ഭാഗങ്ങൾ മണ്ഡലകാലത്തിനു മുൻപെ നന്നാക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതാണു തിരിച്ചടിയായത്. തെന്മല കുളത്തൂപ്പുഴ പാതയിൽ തട്ടിക്കൂട്ട് പണി നടത്തി കാര്യങ്ങൾ ഭംഗിയാക്കിയെന്നും ആരോപണമുണ്ട്. നശിച്ച സൂചനാ ബോർഡുകളും പുനഃസ്ഥാപിച്ചിട്ടില്ല. ബഹുഭാഷാ ദിശാസൂചനകൾ പുതിയതു സ്ഥാപിക്കാൻ വൈകുന്നതോടെ അതിഥി തീർഥാടകരും വലയും.